ന്യൂഡൽഹി: കൃത്യസമയത്ത് ഓഫീസിൽ എത്തുക, വീട്ടിലിരുന്നുളള ജോലി ഒഴിവാക്കുക തുടങ്ങിയ രണ്ടു കാര്യങ്ങളിലൂടെയും മന്ത്രിമാർ മറ്റുളളവർക്ക് മാതൃകയായി മാറണമെന്ന് പ്രധാനന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. ബുധനാഴ്ച ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലായിരുന്നു പ്രധാനമന്ത്രി ഈ നിർദേശങ്ങൾ മുന്നോട്ടുവച്ചത്. പുതിയ ചുമതലകൾ ഏറ്റെടുത്ത് നിർവഹിക്കാൻ മുതിർന്ന മന്ത്രിമാരോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടതായും വൃത്തങ്ങളിൽനിന്നും വിവരം ലഭിച്ചു.

സംസ്ഥാന മന്ത്രിമാർ പ്രധാനപ്പെട്ട ഫയലുകൾ കേന്ദ്രമന്ത്രിമാർക്കു കൂടി നൽകണം. ഇത് ഉത്പാദന ക്ഷമത വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഫയലുകൾ അതിവേഗം തീർപ്പാക്കുന്നതിനായി കേന്ദ്രമന്ത്രിമാരും അവരുടെ സഹപ്രവർത്തകരും ഒരുമിച്ചിരുന്ന് പ്രവർത്തിക്കണെന്നും മോദി ആവശ്യപ്പെട്ടതായി വൃത്തങ്ങൾ പറയുന്നു.

ഓഫീസിൽ എത്തുന്നതിൽ എല്ലാ മന്ത്രിമാരും കൃത്യനിഷ്ഠത കാണിക്കണമെന്ന് പ്രധാനമന്ത്രി യോഗത്തിൽ എടുത്തു പറഞ്ഞു. ഓഫീസിൽ എത്തിയശേഷം കുറച്ചുനേരം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർമാരുമായി വികസന പദ്ധതികളെക്കുറിച്ച് വിശകലനം ചെയ്യണമെന്നും മോദി പറഞ്ഞു. മന്ത്രിമാർ പതിവായി ഓഫീസിൽ എത്തണമെന്നും വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതോടൊപ്പം തന്നെ പാർട്ടി എംപിമാരെയും പൊതുജനങ്ങളെയും മന്ത്രിമാർ കാണുന്നത് പതിവാക്കണമെന്നും അവരുടെ സംസ്ഥാനങ്ങളിൽനിന്നുളള എംപിമാരുമായി കൂടിക്കാഴ്ച നടത്തുകയും വേണം. ഒരു മന്ത്രിയും എംപിയും തമ്മിൽ വലിയ വ്യത്യാസില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത 100 ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ചുവര്‍ഷത്തേക്കുള്ള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന അജണ്ട രൂപീകരിക്കണമെന്നും ഓരോ മന്ത്രാലയങ്ങൾക്കും മോദി നിർദേശം നൽകി.

Narendra Modi Cabinet: ജെയ്റ്റ്‌ലിയും സുഷ്മയും ഇല്ല; നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭയിൽ ഇവർ

യോഗത്തിൽ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ തിങ്കളാഴ്ച തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ച് ചെറിയൊരു അവതരണം നടത്തി. കഴിഞ്ഞ മോദി മന്ത്രിസഭയിൽ പാർലമെന്ററികാര്യ മന്ത്രിയായിരുന്നു തോമർ. ജൂൺ 5 ന് അവതരിപ്പിക്കാനുളള കേന്ദ്ര ബജറ്റിനെക്കുറിച്ചായിരുന്നു ധനമന്ത്രി നിർമ്മല സീതാരാമന്റെ അവതരണം. ആദ്യമന്ത്രിസഭാ യോഗത്തിനു മുൻപായി കേന്ദ്രമന്ത്രിമാരുടെ യോഗവും നടന്നിരുന്നു.

മേയ് 30 നായിരുന്നു രണ്ടാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 58 മന്ത്രിമാരാണ് സത്യപ്രതിഞ്ജ ചെയ്തത്. 24 ക്യാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 9 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. തുടർച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തുന്ന ആദ്യ കോൺഗ്രസ് ഇതര സർക്കാരാണ് നരേന്ദ്ര മോദിയുടേത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook