ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ പദവിയില്‍ നിന്നും രാഹുല്‍ ഗാന്ധി രാജിവയ്ക്കുകയാണെങ്കില്‍ അത് കോണ്‍ഗ്രസിനെയും സംഘ്പരിവാറിനെയും എതിര്‍ക്കുന്ന മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ച് ആത്മഹത്യാപരമാണെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന പ്രഖ്യാപനം അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് മാത്രമല്ല, സംഘ്പരിവാറിനെ എതിര്‍ക്കുന്ന എല്ലാ ശക്തികളേയും തിരിച്ചടിക്കുന്നത് പോലെയായിരിക്കും. മാത്രമല്ല, രാഹുല്‍ ബിജെപിയുടെ കെണിയില്‍ വീണു പോകുന്നതു പോലെയുമാകും ഈ തീരുമാനമെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു.
Read More: രാജി നിലപാടില്‍ ഉറച്ച് രാഹുല്‍ ഗാന്ധി; പകരക്കാരനെ കണ്ടെത്താന്‍ സമയം നല്കി
നെഹ്റു-ഗാന്ധി കുടുംബത്തിന് പുറത്തു നിന്നും ഒരാളെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് കൊണ്ടു വന്നാലും അദ്ദേഹത്തെ ഗാന്ധി കുടുംബത്തിന്റെ ‘പാവ’ എന്നേ വിളിക്കുകയുള്ളൂ. എന്തിനാണ് രാഹുല്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് അതിനുള്ള അവസരം നല്‍കുന്നതെന്നും ലാലു പ്രസാദ് ചോദിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാര്‍ നേടിയ വന്‍വിജയം പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ പരാജയമായി അവര്‍ കാണണമെന്നും എവിടെയാണ് വീഴ്ച സംഭവിച്ചത് എന്ന് സ്വയം വിലയിരുത്തി മുമ്പോട്ട് പോകണമെന്നും ലാലു പ്രസാദ് പറഞ്ഞു. പ്രതിപക്ഷം അവരുടെ തന്ത്രങ്ങളും പ്രവര്‍ത്തനങ്ങളും സമന്വയിപ്പിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
Read More: ‘റാഡിക്കലായ മാറ്റത്തിനുള്ള അവസരം’; ലോക്സഭ തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് കോൺഗ്രസ്
ലോക്സഭ തിരഞ്ഞെടുപ്പില്‍ സംഭവിച്ച കനത്ത നഷ്ടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ രാജി സന്നദ്ധത അറിയിച്ചത്. മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തെ കണ്ട് സംസാരിച്ചെങ്കിലും തീരുമാനത്തില്‍ നിന്നും രാഹുല്‍ പിന്നോട്ട് പോയിട്ടില്ല.
അനുയോജ്യനായ പിന്‍ഗാമിയെ നിയമിക്കും വരെ താന്‍ തുടരാമെന്നാണ് രാഹുല്‍ പാര്‍ട്ടി നേതാക്കളെ അറിയിച്ചതെന്നാണ് വിവരം. തന്റെ രാജി നിലപാടില്‍ രാഹുല്‍ ചെറുതായി അയവ് വരുത്തിയതായാണ് ഈ പ്രതികരണത്തിലൂടെ ചില നേതാക്കള്‍ കരുതുന്നത്. അതേസമയം, നിലവിലത്തെ സാഹചര്യത്തില്‍ പിന്‍ഗാമിയെ കണ്ടെത്തുക എളുപ്പമല്ലെന്നാണ് മറ്റ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
രാഹുല്‍ അല്ലാതെ മറ്റൊരാളെ അധ്യക്ഷ പദവിയിലേക്ക് സങ്കല്പിക്കാന് കഴിയാത്ത നിലയിലാണ് പാര്‍ട്ടി. ആഭ്യന്തര ഛിദ്രത ബാധിച്ചിട്ട പാര്‍ട്ടിയെ പരസ്പരം ബന്ധിപ്പിക്കുന്ന ഏക കണ്ണിയാണ് ഗാന്ധി കുടുംബം എന്നും ഏത് വിധേനയും രാഹുലിനെ പദവിയില്‍ നിലനിര്‍ത്തണമെന്നുമാണ് മുതിര്‍ന്ന അംഗങ്ങളുടെ നിലപാട്. അധ്യക്ഷ പദവിയില്‍ തീരുമാനമെടുത്തിട്ടു വേണം ലോക്സഭയിലെ കക്ഷിനേതാവിനെ തിരഞ്ഞെടുക്കാന്‍. നിലവിലെ സ്ഥിതിയില്‍ കക്ഷിനേതാവെന്ന പദവിയും രാഹുല്‍ ഏറ്റെടുക്കാനിടയില്ല.