ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ ചോദ്യം ചെയ്യലിനു ഹാജരായി. പ്രവർത്തകർക്കൊപ്പം പ്രകടനവുമായാണ് രാഹുൽ എത്തിയത്. രാഹുലും പ്രിയങ്കയും ഒന്നിച്ചാണ് എഐസിസി ആസ്ഥാനത്ത് നിന്ന് രാവിലെ പതിനൊന്ന് മണിയോടെ പുറത്തിറങ്ങിയത്. കനത്ത സുരക്ഷയാണ് എഐസിസി ആസ്ഥാനത്ത് ഒരുക്കിയിരുന്നത്. പ്രദേശത്ത് ഇന്ന് രാവിലെ മുതൽ ഡൽഹി പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
കെ.സി.വേണുഗോപാൽ, പി.ചിദംബരം എന്നീ നേതാക്കളും രാഹുലിനൊപ്പം ഇ.ഡി ഓഫിസിലെത്തി. പൊലീസിന്റെ കടുത്ത നിയന്ത്രണം ഉണ്ടായിരുന്നിട്ടും നിരവധി പ്രവർത്തകരും രാഹുലിനൊപ്പം എത്തി. പ്രവർത്തകരിൽ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
ഇന്ന് രാവിലെ തന്നെ രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിലേക്ക് എത്തിയ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ലാത്തിച്ചാർജും ഉണ്ടായി. രാഹുലിന്റെ വസതിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്ക് ജൂൺ രണ്ടിനാണ് ഹാജരാവാൻ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് അയച്ചത്. രാഹുൽ വിദേശത്തായതിനാൽ ജൂൺ 13ലേക്ക് സമയം നീട്ടി നൽകുകയായിരുന്നു. ഈ മാസം 23 ന് സോണിയ ഗാന്ധിയുടെ മൊഴിയെടുക്കാനും ഇ.ഡി തീരുമാനിച്ചിട്ടുണ്ട്.

പാർട്ടി മുഖപത്രമായിരുന്ന നാഷനല്‍ ഹെറാള്‍ഡിന് 90 കോടി രൂപ കോണ്‍ഗ്രസ് വായ്പയായി അനുവദിച്ചിരുന്നു. എന്നാല്‍, 2000 കോടി ആസ്തിയുള്ള ഹെറാള്‍ഡിന്റെ സ്വത്തുക്കള്‍ 50 ലക്ഷത്തിന് സോണിയക്കും രാഹുലിനും ഓഹരിയുള്ള യങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയതിൽ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ആരോപണം.
2015 ല്‍ കേസ് ഇ.ഡി അവസാനിപ്പിച്ചിരുന്നു. പിന്നീട് സുബ്രഹ്മണ്യന് സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി തുടരന്വേഷണത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുകയായിരുന്നു.
Read More: “ഇന്ത്യക്ക് വേണ്ടത് തൊഴിൽ സുരക്ഷയാണ്, അല്ലാതെ വംശശുദ്ധിയല്ല,” രാഹുൽ ഗാന്ധി