മുംബൈ: ആര്‍എസ്എസ് നല്‍കിയ അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനല്ലെന്ന് മുംബൈ കോടതി കണ്ടെത്തി. മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് പറഞ്ഞതിനാണ് രാഹുലിനെതിരെ കേസ് ഫയല്‍ ചെയ്തത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിഞ്ഞതിന് പിന്നാലെ ഇന്ന് അദ്ദേഹം കോടതിയില്‍ ഹാജരായി. വഴി നീളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. രാഹുലിന് 15,000 രൂപ കെട്ടിവച്ച് ജാമ്യം എടുക്കാമെന്ന് കോടതി അറിയിച്ചു.

ആര്‍എസ്എസ് പ്രവര്‍ത്തകനായ ധ്രുതിമാന്‍ ജോഷിയാണ് 2017ല്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ് ഫയല്‍ ചെയ്തത്. 2017 സെപ്റ്റംബറില്‍ ആണ് മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയും ആയ ഗൗരി ലങ്കേഷ് ബെംഗളൂരുവില്‍ കൊല്ലപ്പെടുന്നത്. സംഭവം നടന്ന് 24 മണിക്കൂറിനകം ബിജെപിയേയും ആര്‍എസ്എസിനേയും കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇതാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ അഭിഭാഷകനെ ചൊടിപ്പിച്ചത്.

ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തെയോ ബിജെപി പ്രത്യയശാസ്ത്രത്തെയോ എതിര്‍ത്ത് ആരെങ്കിലും സംസാരിച്ചാല്‍ അവര്‍ സമ്മർദത്തിലാക്കപ്പെടുകയോ, ആക്രമിക്കപ്പെടുകയോ ഒരുപക്ഷേ കൊല്ലപ്പെടുകയോ ചെയ്‌തേക്കും എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. ഗൗരി ലങ്കേഷിന്റെ കൊലപാതകം രാജ്യമെമ്പാടും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.

Read More: ‘തോക്കുകൾക്ക് തോൽപിക്കാനാവില്ല, ഗൗരി ലങ്കേഷ് എന്ന ആശയത്തെ’ ആരാണ് ഗൗരി ലങ്കേഷ്? എന്തു കൊണ്ട് ഹിന്ദു തീവ്രവാദികൾ അവരെ ഭയന്നു

അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും സിപിഎമ്മിനേയം കുടി പ്രതി സ്ഥാനത്ത് നിര്‍ത്തിയായിരുന്നു. ധ്രുതിമാന്‍ ജോഷിയുടെ പരാതി. എന്നാല്‍ വ്യക്തികള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ക്ക് പാര്‍ട്ടികള്‍ ഉത്തരവാദികള്‍ ആയിരിക്കില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. തുടര്‍ന്ന് 2019 ഫെബ്രുവരിയില്‍ രാഹുല്‍ ഗാന്ധിക്കും സമാനമായ പ്രസ്താവന നടത്തിയ സീതാറാം യെച്ചൂരിക്കും എതിരെ സമന്‍സ് അയച്ചിരുന്നു.

അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാവല്‍ക്കാരന്‍ കള്ളനാണ് (ചൗക്കീദാര്‍ ചോര്‍ ഹേ) എന്ന് കോടതി സമ്മതിച്ചതായി വിവാദ പ്രസ്താവന നടത്തിയതിനും കോടതിയലക്ഷ്യത്തിന് കേസെടുത്തിട്ടുണ്ട്. വേനല്‍ അവധി കഴിഞ്ഞ് സുപ്രീം കോടതി നടപടികള്‍ ആരംഭിച്ചതോടെ അടുത്തുതന്നെ ഈ കേസിലും വിധി പ്രസ്താവിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook