/indian-express-malayalam/media/media_files/uploads/2019/07/rahul-gandhi.jpg)
റാഞ്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ‘കൊലപാതകി’ എന്നു വിശേഷിപ്പിച്ച സംഭവത്തില്‍ രാഹുല്‍ ഗാന്ധി ഇന്ന് കോടതിയില്‍ ഹാജരാവും. അഹമ്മദാബാദിലെ കോടതിയിലാണ് രാഹുല്‍ ഹാജരാവുക. രണ്ട് മാസത്തിനിടെ ഇത് നാലാം തവണയാണ് രാഹുല്‍ കോടതിയില്‍ ഹാജരാവുന്നത്.
ഒരു ബിജെപി പ്രവര്‍ത്തകന്‍ നല്‍കിയ അപകീര്‍ത്തി കേസിലാണ് രാഹുല്‍ ഹാജരാവുക. ഏപ്രില്‍ മാസം തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെയാണ് അമിത് ഷാക്കെതിരെ രാഹുല്‍ ശക്തമായ വാക്കുകളില്‍ വിമര്‍ശനമുന്നയിച്ചത്. അമിത് ഷാ കൊലപാതക കേസിലെ പ്രതിയാണെന്ന കാര്യം മറക്കരുതെന്നും കൊലപാതകി ആയ ഒരാള്‍ക്ക് പ്രസിഡന്റ് ആകാവുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘അമിത് ഷാക്കെതിരെ കൊലപാതക ആരോപണമുണ്ട്. ജസ്റ്റിസ് ലോയ കേസില്‍ സുപ്രീം കോടതി തന്നെ അദ്ദേഹത്തിന്റെ പേര് സൂചിപ്പിച്ചിട്ടുണ്ട്. ബിജെപിയിലേതു പോലെ, കൊലപാതകിക്ക് കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനാവാന്‍ കഴിയില്ല’ രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുത്തപ്പോഴും രാഹുല്‍ അമിത് ഷാക്കെതിരെ സമാനമായ രീതിയില്‍ പ്രതികരിച്ചു.
രാഹുല്‍ ഗാന്ധിക്കെതിരെ യുവമോര്‍ച്ച നേതാവ് നവീന്‍ കുമാര്‍ ഝാ നല്‍കിയ പരാതിയില്‍ റാഞ്ചി സബ് ഡിവിഷനല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നേരിട്ട് ഹാജരാകണമെന്ന് രാഹുലിനോട് നിര്‍ദേശിച്ചിരുന്നു. സൊഹ്റാബുദീന്‍ ഷൈഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ അമിത് ഷായുടെ പേര് കൂടി പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ അമിത് ഷായ്ക്ക് എതിരെ വേണ്ട തെളിവില്ലെന്ന് കാണിച്ച് കോടതി അദ്ദേഹത്തെ വിചാരണ ചെയ്യുന്നത് തടഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.