ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള തീരുമാനത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്നോട്ട് പോകാത്ത സാഹചര്യത്തില്‍ രാഹുലിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. രാഹുലുമായി കൂടിക്കാഴ്ചയ്ക്കായി നേതാക്കള്‍ രാഹുലിന്റെ ഡല്‍ഹിയിലെ 12 തുഗ്ലക് ലൈനിലെ വസതിയില്‍ എത്തി.

എഐസിസി ജനറല്‍ സെക്രട്ടറിയും രാഹുലിന്റെ സഹോദരിയുമായ പ്രിയങ്ക ഗാന്ധിയാണ് ആദ്യം വസതിയില്‍ എത്തിയത്. പിന്നീട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല, പാര്‍ട്ടി ജനറല്‍ സെക്രട്ടറി ചുമതല വഹിക്കുന്ന നേതാവ് കെ.സി വേണുഗോപാല്‍ എന്നിവരും രാഹുലിനെ കാണാന്‍ എത്തി.

Read More: രാഹുല്‍ ഗാന്ധിയുടെ രാജി കോണ്‍ഗ്രസ് ആത്മഹത്യ ചെയ്യുന്നതിന് തുല്യം: ലാലുപ്രസാദ് യാദവ്

അനുയോജ്യനായ ഒരാളെ കണ്ടെത്തുന്നതു വരെ മാത്രം താന്‍ അധ്യക്ഷ സ്ഥാനത്ത് തുടരും എന്നാണ് രാഹുല്‍ പാര്‍ട്ടിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ രാഹുലിനെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ നിരവധി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്മാര്‍ രാജി സന്നദ്ധത അറിയിക്കുകയും അത് വഴി പാര്‍ട്ടി പുനര്‍നിര്‍മാണത്തിന് വഴിയൊരുക്കാമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

ജാര്‍ഖണ്ഡ് സംസ്ഥാന പ്രസിഡന്റ് അജോയ് കുമാര്‍ രാജിവച്ചതിന് പിന്നാലെ പഞ്ചാപ് കോണ്‍ഗ്രസ് പ്രസിഡന്‍ര് സുനില്‍ ജാഖര്‍, അസ്സം പ്രസിഡന്റ് റിപുണ്‍ ബോറ, മഹാരാഷ്ട്ര പ്രസിഡന്റ് അശോക് ചവാന്‍ എന്നിവരും രാജി സന്നദ്ധത അറിയിച്ചു. തിങ്കളാഴ്ച എഐസിസി ട്രെഷറര്‍ അഹമ്മദ് പട്ടേലും പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും രാഹുലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ രാഹുല്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ടു പോയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. തനിക്ക് പകരക്കാരനെ കണ്ടുപിടിക്കാന്‍ അദ്ദേഹം നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More: രാജി നിലപാടില്‍ ഉറച്ച് രാഹുല്‍ ഗാന്ധി; പകരക്കാരനെ കണ്ടെത്താന്‍ സമയം നല്‍കി

അതേസമയം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ പദവിയില്‍ നിന്നും രാഹുല്‍ ഗാന്ധി രാജിവയ്ക്കുകയാണെങ്കില്‍ അത് കോണ്‍ഗ്രസിനെയും സംഘ്പരിവാറിനെയും എതിര്‍ക്കുന്ന മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ച് ആത്മഹത്യാപരമാണെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് പ്രതികരിച്ചു.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന പ്രഖ്യാപനം അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് മാത്രമല്ല, സംഘ്പരിവാറിനെ എതിര്‍ക്കുന്ന എല്ലാ ശക്തികളേയും തിരിച്ചടിക്കുന്നത് പോലെയായിരിക്കും. മാത്രമല്ല, രാഹുല്‍ ബിജെപിയുടെ കെണിയില്‍ വീണു പോകുന്നതു പോലെയുമാകും ഈ തീരുമാനമെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു.

Read More: ‘റാഡിക്കലായ മാറ്റത്തിനുള്ള അവസരം’; ലോക്സഭ തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് കോൺഗ്രസ്

നെഹ്‌റു-ഗാന്ധി കുടുംബത്തിന് പുറത്തു നിന്നും ഒരാളെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് കൊണ്ടു വന്നാലും അദ്ദേഹത്തെ ഗാന്ധി കുടുംബത്തിന്റെ ‘പാവ’ എന്നേ വിളിക്കുകയുള്ളൂ. എന്തിനാണ് രാഹുല്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് അതിനുള്ള അവസരം നല്‍കുന്നതെന്നും ലാലു പ്രസാദ് ചോദിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാര്‍ നേടിയ വന്‍വിജയം പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ പരാജയമായി അവര്‍ കാണണമെന്നും എവിടെയാണ് വീഴ്ച സംഭവിച്ചത് എന്ന് സ്വയം വിലയിരുത്തി മുമ്പോട്ട് പോകണമെന്നും ലാലു പ്രസാദ് പറഞ്ഞു. പ്രതിപക്ഷം അവരുടെ തന്ത്രങ്ങളും പ്രവര്‍ത്തനങ്ങളും സമന്വയിപ്പിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംഭവിച്ച കനത്ത നഷ്ടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ രാജി സന്നദ്ധത അറിയിച്ചത്. മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തെ കണ്ട് സംസാരിച്ചെങ്കിലും തീരുമാനത്തില്‍ നിന്നും രാഹുല്‍ പിന്നോട്ട് പോയിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook