ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാതിന്‍റെ പ്രക്ഷേപണം ഇന്ന് മുതൽ പുനഃരാരംഭിക്കും. നരേന്ദ്രമോദി രണ്ടാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ മൻ കി ബാതാണ് ഇന്ന് നടക്കുന്നത്

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഫെബ്രുവരി 24നാണ് പരിപാടി അവസാനമായി പ്രക്ഷേപണം ചെയ്തത്. പൊതുജനങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അയക്കാനായി ടോള്‍ ഫ്രീ നമ്പറും ഓൺലൈൻ സംവിധാനവും ഇത്തവണ നൽകിയിരുന്നു. മന്‍ കി ബാതിന്‍റെ 54-ാം എപ്പിസോഡാണ് ഇന്ന് പ്രക്ഷേപണം ചെയ്യുന്നത്.

എല്ലാ മാസംതോറും അവസാനത്തെ ഞായറാഴ്ചയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. 2014 ഒക്ടോബര്‍ മൂന്ന് മുതലാണ് മന്‍ കി ബാത് ആരംഭിച്ചത്.

പ്രധാനമന്ത്രിയായുള്ള ആദ്യ ഊഴത്തിലെ അവസാന മൻ കി ബാത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ, മൻ കി ബാത് ഇവിടെ അവസാനിക്കുന്നില്ലെന്നും, തിരഞ്ഞെടുപ്പ് കഴിഞ്ഞ് വീണ്ടും പ്രധാനമന്ത്രിയായി താൻ തിരിച്ചുവരുമെന്നും ജനങ്ങളുമായി സംവദിക്കുമെന്നും നരേന്ദ്ര മോദി ആത്മവിശ്വാം പ്രകടിപ്പിച്ചിരുന്നു.

തന്‍റെ മനസിലുയരുന്ന കാര്യങ്ങള്‍ മന്‍ കി ബാത്തില്‍ ജനങ്ങളുമായി പങ്കുവയ്ക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അത് വര്‍ഷങ്ങളോളം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook