ന്യൂഡല്‍ഹി: ശ്രീനാരായണ ഗുരുവിന്‍റെ ആശയങ്ങൾ ഉൾക്കൊള്ളുന്നതാകണം പുതിയ ഇന്ത്യയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപനത്തിൽ പറഞ്ഞു. കാർഷികം, ജലസേചനം, കുടിവെള്ളം, അടിസ്ഥാന സൗകര്യം ആരോഗ്യം അടക്കമുള്ള മേഖലകളിൽ സർക്കാർ കൊണ്ടുവരുന്ന വികസന പദ്ധതികൾ പ്രസംഗത്തിൽ സൂചിപ്പിച്ചു. എല്ലാവർക്കും കുടിവെള്ളം എത്തിക്കുമെന്നും രണ്ടാം നരേന്ദ്ര മോദി സർക്കാരിന്‍റെ നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി വ്യക്തമാക്കി.
രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആയതിനാൽ അടുത്ത അഞ്ചു വർഷത്തെ നയങ്ങളിലും വികസന വീക്ഷണത്തിലും ഊന്നിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗം. ഒന്നാം മോദി സർക്കാരിന്റെ കാലത്തെ നേട്ടങ്ങളും എടുത്തു പറഞ്ഞു. മുത്തലാഖ് എടുത്ത് കളയേണ്ടത് സ്ത്രീകളുടെ അവകാശം ഉറപ്പാക്കുന്നതില്‍ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
‘കാലാവസ്ഥാ വ്യതിയാനവും ജല ദൗർലഭ്യവും ഗൗരവത്തോടെ കാണും. കർഷകർക്ക് പ്രത്യേക പെൻഷൻ സമ്പ്രദായം കൊണ്ടുവരുമെന്ന് രാഷ്ട്രപതി വ്യക്തമാക്കി. ഗ്രാമീണ മേഖലയുടെ വികസനത്തിന് ഊന്നൽ നൽകും. സൈനിക ശക്തി വർധിപ്പിക്കും. സൈനികരുടെ കുടുംബത്തിന് പ്രത്യേക സഹായം നല്‍കും. സ്ത്രീകളുടെ സുരക്ഷയ്ക്കാണ് പ്രധാന ഊന്നല്‍. സബ് കാ സാഥ്, സബ് കാ വികാസ്, സബ് കാ വിശ്വാസ്-ഇതായിരിക്കും സർക്കാരിന്റെ ആപ്ത വാക്യമെന്നും രാഷ്ട്രപതി പറഞ്ഞു.
രാജ്യസഭാ സമ്മേളനവും ഇന്ന് ആരംഭിക്കും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിലാണ് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭ പ്രതിപക്ഷ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, ലോക്സഭ സ്പീക്കർ ഓം ബിർല എന്നിവർ ചേർന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലേക്ക് ആനയിച്ചത്.
രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈ മാസം അഞ്ചിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. മുത്തലാഖ് ബില്‍, കേന്ദ്രവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക സംവരണബില്‍, ആധാര്‍ അടക്കമുള്ള ഭേദഗതി ബില്‍ എന്നിവയും ഈ സമ്മേളനത്തില്‍ പാര്‍ലമന്റില്‍ എത്തുന്നുണ്ട്.