ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭയിൽ അദ്ദേഹം ഉൾപ്പെടെ 58 പേരാണു സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ 56-ാമതായി സത്യപ്രതിജ്ഞ ചെയ്തത് 64 കാരനായ പ്രതാപ് ചന്ദ്ര സാരംഗി ആയിരുന്നു. നീട്ടി വളർത്തിയ മുടിയും താടിയുമായി സാരംഗി വേദിയിലേക്ക് എത്തുമ്പോൾ രാഷ്ട്രപതി ഭവനിൽ ചടങ്ങ് വീക്ഷിക്കാനെത്തിയ 600 പേരുടെ കരഘോഷം ഗർജ്ജനമായി മാറുകയായിരുന്നു.
ഒഡീഷയിലെ ബാലസോറിൽനിന്നുമാണ് പ്രതാപ് ചന്ദ്ര സാരംഗി എംപിയായി വിജയിച്ചത്. രണ്ടാം മോദി സർക്കാരിൽ സ്വതന്ത്ര ചുമതലയുളള സഹമന്ത്രിയായി സാരംഗി സത്യപ്രതിജ്ഞ ചെയ്തതോടെ അദ്ദേഹം ഒരിക്കൽക്കൂടി സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനാവുകയാണ്. ഏതാനും ദിവസം മുൻപ് ഡൽഹിയിലേക്ക് പോകുന്നതിനായി തന്റെ ഓലക്കുടിലിൽ ഇരുന്ന് ബാഗ് പായ്ക്ക് ചെയ്യുന്ന സാരംഗിയുടെ ഫോട്ടോ ട്വിറ്ററിൽ വൈറലായിരുന്നു.
അവിവാഹിതനാണ് സാരംഗി. റീജിയണൽ ചാനലായ ഒടിവിക്ക് നൽകിയ അഭിമുഖത്തിൽ സാരംഗിയോട് താൻ അവിവാഹിതനോ അതോ ബ്രഹ്മചാരിയോ എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇതായിരുന്നു, ”അവിവാഹിതനാണെന്നു പറഞ്ഞാൽ പിന്നെ ബ്രഹ്മചാരിയാണോ എന്ന ചോദ്യത്തിന്റെ ആവശ്യമില്ല.” 28-ാമത്തെ വയസിൽ രാമകൃഷ്ണ മഠത്തിൽ സന്യാസം സ്വീകരിക്കാനെത്തിയതാണ് തന്റെ ജീവിതത്തിൽ വഴിത്തിരിവായതെന്നും സാരംഗി അഭിമുഖത്തിൽ പറഞ്ഞു.
TV interview with @DDNewsLive @DDNewsHindi pic.twitter.com/35VHeuZCPL
— Pratap Ch. Sarangi (@pcsarangi) May 28, 2019
”ഒരിക്കൽ സ്വാമി ആത്മസദാനന്ദയെ നേരിൽ കാണാൻ അവസരം ലഭിച്ചു. എന്നെ ആശ്രയിച്ച് ജീവിക്കുന്ന ആരെങ്കിലുമുണ്ടോയെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. വൃദ്ധയും വിധവയുമായ അമ്മയുണ്ടെന്ന് ഞാൻ മറുപടി നൽകി. അമ്മയെ നല്ലവണ്ണം നോക്കണമെന്ന് ഉപദേശിച്ചു. അതിനുശേഷം ഞാൻ വിവാഹം വേണ്ടെന്നു തീരുമാനിച്ചു, കഴിഞ്ഞ വർഷം അമ്മയുടെ മരണം വരെ അവരെ നന്നായി പരിചരിച്ചു,” സാരംഗി പറഞ്ഞു.
ഒഡീഷയിലെ സമ്പന്നരായ രണ്ടു സ്ഥാനാർഥികളോടായിരുന്നു സാരംഗിയുടെ ഏറ്റുമുട്ടൽ. സൈക്കിളിലായിരുന്നു സാരംഗിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. സാരംഗിയുടെ എതിർ സ്ഥാനാർഥിയായ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നിരഞ്ജൻ പട്നായിക്കിന്റെ മകൻ നവ്ജ്യോതി പട്നായിക്കിന്റെ ആസ്തി 104 കോടിയും ബിജെഡി എംപി രബീന്ദ്ര ജെനയുടെ ആസ്തി 72 കോടിയുമായിരുന്നു.
നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ സാരംഗിയുടെ ആസ്തി 16.5 ലക്ഷമായിരുന്നു. പെൻഷൻ, കൃഷി എന്നിവയാണ് സാരംഗിയുടെ വരുമാന മാർഗം. സാരംഗിയുടെ പേരിൽ ഏഴു ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രാദേശിക പ്രക്ഷോഭങ്ങളിൽ സാരംഗി സജീവമായി പങ്കെടുക്കാറുണ്ട്. മദ്യ വിരുദ്ധ പ്രക്ഷോഭങ്ങളും വിദ്യാഭ്യാസ അവകാശങ്ങൾക്കുവേണ്ടിയും അദ്ദേഹം പോരാടിയിട്ടുണ്ട്. ബാലസോർ, മയൂർഭജ്ഞ് ജില്ലകളിൽ ഗണ ശിഖാസ് മന്ദിർ യോജനയുടെ കീഴിൽ ആദിവാസി ഗ്രാമങ്ങളിലെ കുട്ടികൾക്ക് പഠനത്തിനായി സാമർകാര കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.
ഒഡീഷ ബജ്രംഗ് ദൾ യൂണിറ്റ് പ്രസിഡന്റായി സാരംഗി പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന വിഎച്ച്പി യൂണിറ്റിലെ മുതിർന്ന അംഗമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒഡീഷയിലെ ചിട്ടി തട്ടിപ്പും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനങ്ങളുമാണ് സാരംഗി തന്റെ പ്രചാരണത്തിൽ ഉയർത്തിക്കാട്ടിയത്. വീടുതോറുമുളള പ്രചാരണം നടത്തിയ സാരംഗി 12,956 വോട്ടുകൾക്കാണ് വിജയിച്ചത്.
ഒഡീഷ നിയമസഭയിൽ രണ്ടുതവണ സാരംഗി വിജയിച്ചിട്ടുണ്ട്. 2004 ൽ ബിജെപി സ്ഥാനാർഥിയായും 2009 ൽ നീലഗിരി വിധാൻ സഭ മണ്ഡലത്തിൽനിന്നും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചു.