വരാണസി (ഉത്തർപ്രദേശ്): ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയം സമ്മാനിച്ച വരാണസിയിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് നരേന്ദ്ര മോദി. രണ്ടാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായാണ് സ്വന്തം മണ്ഡലമായ വരാണസിയിൽ മോദി എത്തുന്നത്. വരാണസി വിമാനത്താവളത്തിൽ എത്തിയ നരേന്ദ്ര മോദിയെ ഗവർണർ രാം നായിക്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.

കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷമാണ് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യാനായി ട്രേഡ് ഫെയർ സെന്ററിൽ നടന്ന പ്രവർത്തക കൺവെൻഷനിൽ മോദി എത്തിയത്. റോഡ് മാർഗമാണ് മോദി ക്ഷേത്രത്തിലേക്ക് എത്തിയത്. ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി. അതിനുശേഷം ഹെലികോപ്റ്ററിൽ പ്രവർത്തക കൺവെൻഷനിൽ പങ്കെടുക്കാനായി പോയി.

Read: ‘ഇനിയുള്ള അഞ്ച് വര്‍ഷം വളരെ പ്രധാനം’; അമ്മയുടെ അനുഗ്രഹം വാങ്ങി മോദി

വരാണസിയിൽ എത്തിയ മോദി പാർലമെന്റിലേക്ക് രണ്ടാം തവണയും തന്നെ എത്തിച്ച വോട്ടർമാർക്ക് നന്ദി പറഞ്ഞു. വോട്ട് എണ്ണും മുമ്പേ ജയം ഉറപ്പായിരുന്നുവെന്നും വിജയം പാർട്ടി പ്രവർത്തകർക്ക് സമർപ്പിക്കുന്നുവെന്നും മോദി പറഞ്ഞു. ബിജെപിയുടെ വിജയത്തിന് പിന്നിൽ പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനമാണ്. താനെന്നും എളിയ പാർട്ടി പ്രവർത്തകനായിരിക്കുമെന്നും മോദി വ്യക്തമാക്കി.

പാർട്ടി പ്രവർത്തകരുമായി സംസാരിക്കുമ്പോൾ ഞാൻ അവരോട് ഒരു കാര്യം എപ്പോഴും പറയുമായിരുന്നു, നാമനിർദേശ പത്രിക സമർപ്പിച്ചത് ഒരു മോദി മാത്രമാണെങ്കിൽ തിരഞ്ഞെടുപ്പിൽ പോരാടിയത് ഓരോ വീട്ടിലെയും നരേന്ദ്ര മോദിയാണ്. നിങ്ങളെല്ലാം നരേന്ദ്ര മോദിമാരാണ്. തിരഞ്ഞെടുപ്പ് പ്രചാരണം മുഴുവനും നയിച്ചത് നിങ്ങളാണ്. അതിൽ പ്രവർത്തകരെ പ്രശംസിച്ച മോദി ഡിസ്റ്റിങ്ഷനോടെ നിങ്ങളെല്ലാം പാസായിരിക്കുന്നുവെന്നും പറഞ്ഞു.

ബിജെപിയെക്കുറിച്ച് പ്രതിപക്ഷം ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചു. പക്ഷേ തിരഞ്ഞെടുപ്പിൽ ജനം അതിന് മറുപടി നൽകി. ജനാധിപത്യത്തെ പിന്തുടരുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരേയൊരു പാർട്ടി ബിജെപി മാത്രമാണെന്നും മോദി പറഞ്ഞു. എപ്പോൾ ഞങ്ങൾ അധികാരത്തിലെത്തിയാലും, അപ്പോഴൊക്കെ എണ്ണത്തിൽ ചെറിയ അക്കമായാൽപ്പോലും പ്രതിപക്ഷത്തിന്റെ ശബ്ദം കേൾക്കാറുണ്ട്. പാവപ്പെട്ടവരും സാധാരണ ജനങ്ങളും അവരുടെ ശബ്ദം കേൾക്കാനായി വർഷങ്ങൾ കാത്തിരുന്നു. ഞങ്ങൾ അവരുടെ ശബ്ദം കേട്ടു. അതിനാലാണ് ദുർബല വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം നൽകിയത്-മോദി അഭിപ്രായപ്പെട്ടു.

ഇന്നലെ ഗുജറാത്തില്‍ എത്തിയ മോദി അമ്മ ഹീരാബെൻ മോദിയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങിയിരുന്നു. അഹമ്മദാബാദിലെ ബിജെപി റാലിയില്‍ പങ്കെടുത്തതിന് ശേഷമാണ് ഗാന്ധിനഗറിലെ വസതിയിലെത്തി മോദി അമ്മയെ കണ്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook