ന്യൂഡല്‍ഹി: പ്രതിപക്ഷത്തിനും കോണ്‍ഗ്രസിനും നേരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റാല്‍ ഇന്ത്യയും തോറ്റു എന്ന പറച്ചില്‍ രാജ്യത്തെ വോട്ടര്‍മാരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് നരേന്ദ്രമോദി.

”തങ്ങള്‍ ജയിച്ചില്ലെങ്കില്‍ ഇന്ത്യയും ജയിക്കില്ലെന്നാണ് കോണ്‍ഗ്രസിലെ സുഹൃത്തുക്കള്‍ കരുതിയിരിക്കുന്നത്. ഇന്ത്യയും കോണ്‍ഗ്രസ് പാര്‍ട്ടിയും ഒന്നാണോ? ജനാധിപത്യത്തേയും തിരഞ്ഞെടുപ്പ് സംവിധാനത്തേയും ബഹുമാനിക്കേണ്ടത് ഉത്തരവാദിത്വമാണ്. വയനാട്ടില്‍ തോറ്റത് ഇന്ത്യയാണോ? റായ്ബറേലിയില്‍ തോറ്റത് ഇന്ത്യയാണോ? തിരുവനന്തപുരത്ത് തോറ്റത് ഇന്ത്യയാണോ? അമേഠിയില്‍ എന്താണുണ്ടായത്?” മോദി പറഞ്ഞു.

ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതികരണവും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തി. മോഷണക്കുറ്റം ആരോപിച്ച് മുസ്ലീം യുവാവിനെ മര്‍ദ്ദിച്ച് കൊന്ന സംഭവം തന്നെ വേദനിപ്പിച്ചെന്നും എന്നാല്‍ അതിന്റെ പേരില്‍ സംസ്ഥാനത്തെ മൊത്തം അപമാനിക്കുന്നത് ന്യായമല്ലെന്നും മോദി പറഞ്ഞു.

”ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതകം എന്ന വേദനിപ്പിച്ചു. മറ്റുള്ളവരേയും വേദനിപ്പിച്ചു. പക്ഷെ രാജ്യ സഭയിലെ ചിലര്‍ പറയുന്നത് ജാര്‍ഖണ്ഡ് ആള്‍ക്കൂട്ട കൊലപാതകത്തിന്റെ കേന്ദ്രമാണെന്നാണ്. ഇത് ന്യായമാണോ? എന്തിനാണ് ഒരു സംസ്ഥാനത്തെ അപമാനിക്കുന്നത്. ഒരു സംസ്ഥാനത്തെ അപമാനിക്കാനുള്ള അവകാശം നമ്മുക്കാര്‍ക്കും ഇല്ല”. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയുടെ ഭാഗമായി രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

ജാര്‍ഖണ്ഡിലായാലും പശ്ചിമ ബംഗാളിലായാലും കേരളത്തിലായാലും ആക്രമണ സംഭവങ്ങളെ ഒരുപോലെ കാണമെന്നും ഈ വിഷയത്തില്‍ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടാണെന്നും മോദി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം തബ്രെസ് അന്‍സാരി എന്ന മുസ്ലീം യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ചു കൊന്നത്. ജയ് ശ്രീറാം, ജയ് ഹനുമാന്‍ എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടായിരുന്നു യുവാവിനെ മണിക്കൂറുകളോളം കെട്ടിയിട്ട് മര്‍ദ്ദിച്ചത്. സംഭവത്തിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook