ന്യൂഡൽഹി: കോടതികളില്‍ പ്രാദേശികഭാഷകളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടതി വിധികളും വ്യവഹാരവും ജനങ്ങള്‍ക്ക് മനസിലാകുന്ന ഭാഷയിലാകണം. നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ഇത് വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സാധാരണക്കാർക്ക് മനസിലാക്കുന്നതിനായി പാർലമെന്റിൽ പാസാക്കിയ നിയമങ്ങൾ ലളിതമാക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയമനിർമ്മാണത്തോടൊപ്പം, പാർലമെന്റിൽ ഒരു ലളിതമായ പതിപ്പ് കൂടി പാസാക്കിയാൽ സാധാരണക്കാർക്ക് അത് മനസിലാകുകയും നിയമത്തിന്റെ വ്യാഖ്യാനത്തിനായി അയാൾക്ക് കോടതിയിൽ പോകേണ്ടിവരില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
നിയമ പഠനത്തിനും പ്രാക്ടീസ് ചെയ്യുന്നതിനും പ്രാദേശിക ഭാഷ ഉപയോഗിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ‘പ്രാദേശിക ഭാഷകൾ ഉപയോഗിക്കുന്ന ഹൈക്കോടതികളുണ്ടെന്ന് ചീഫ് ജസ്റ്റിസ് പരാമർശിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. എന്തുകൊണ്ട് നമ്മുടെ മാതൃഭാഷയിൽ മെഡിക്കൽ, സാങ്കേതിക വിദ്യാഭ്യാസം നടത്തിക്കൂടാ. ചില സംസ്ഥാനങ്ങൾ ഇതിനകം അത് ചെയ്യുന്നുണ്ട്,” പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഹൈക്കോടതികൾ ഭാഷാപരമായ തടസ്സങ്ങൾ നീക്കണമെന്നും പ്രാദേശിക ഭാഷകളിൽ പ്രാക്ടീസ് ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് എൻ.വി.രമണ നേരത്തെ പറഞ്ഞിരുന്നു.
ജുഡീഷ്യല്‍ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും ജുഡീഷ്യറിയുടെ അംഗബലവും അടിസ്ഥാനസൗകര്യങ്ങളും കൂട്ടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. യഥാസമയം ജാമ്യം അനുവദിക്കണമെന്ന് മുഖ്യമന്ത്രിമാരോടും ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരോടും പ്രധാനമന്ത്രി അഭ്യർഥിച്ചു, നിലവിൽ 3.5 ലക്ഷത്തിലധികം വിചാരണത്തടവുകാർ ജയിലിലുണ്ട്. ഈ വിചാരണത്തടവുകാർ മിക്കവാറും പാവപ്പെട്ടവരാണ്. സാധ്യമാകുന്നിടത്തെല്ലാം അവരെ ജാമ്യത്തിൽ വിട്ടയക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Read More: രാജ്യത്ത് 3,688 പുതിയ കോവിഡ് കേസുകൾ, 24 മണിക്കൂറിനിടെ 50 മരണം