അമൃത്സർ: പഞ്ചാബിലെ പട്യാല ജില്ലയിൽ നടന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മൂന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. പട്യാല ഐജി, എസ്എസ്‍പി, എസ്‌പി എന്നിവരെയാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ സ്ഥലം മാറ്റിയത്. ഇവർക്കു പകരമായി മുഖ്‌വിന്ദർ സിങ് ചിന്ന (ഐജി), ദീപക് പരീക് (എസ്‌എസ്പി), വാസിർ സിങ് (എസ്‌പി) എന്നിവരെ മാൻ നിയമിക്കുകയും ചെയ്തു.
പട്യാലയിൽ മൊബൈൽ ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ ഇന്നു രാവിലെ 9.30 മുതൽ വൈകീട്ട് 6 വരെ നിർത്തലാക്കിയിട്ടുണ്ട്. ഇന്നലെ പട്യാലയിൽ 11 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.
ഇന്നലെയാണ് പട്യാല നഗരത്തിൽ രണ്ടു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. പൊലീസ് അനുമതി ഇല്ലാതെ ശിവസേന നടത്തിയ ഖാലിസ്ഥാൻ വിരുദ്ധ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. മാർച്ചിനിടെ ചില സിഖ് സംഘടനകൾ പ്രതിഷേധവുമായി എത്തുകയും ഇരു വിഭാഗങ്ങൾ തമ്മിൽ വൻ സംഘർഷം ഉണ്ടാവുകയും ചെയ്തു.
മണിക്കൂറുകളോളം പട്യാല നഗരത്തിൽ തുടർന്ന സംഘർഷത്തെ പൊലീസ് ഏറെ പണിപ്പെട്ടാണ് നിയന്ത്രണവിധേയമാക്കിയത്. ആകാശത്തേക്ക് വെടിവച്ചും ടിയർ ഗ്യാസ് പ്രയോഗിച്ചുമാണ് പൊലീസ് സംഘർഷത്തെ നേരിട്ടത്. രണ്ടു പൊലീസുകാർക്ക് അടക്കം നാലുപേർക്ക് സംഘർഷത്തിൽ പരുക്കേറ്റു.
Read More: രാജ്യത്ത് 3,688 പുതിയ കോവിഡ് കേസുകൾ, 24 മണിക്കൂറിനിടെ 50 മരണം