ബിഷ്കേക്ക് (കിർഗിസ്ഥാൻ): പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നയതന്ത്ര പ്രോട്ടോക്കോൾ ലംഘനം നടത്തി. കിർഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്കേക്കിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് ഇമ്രാൻ ഖാൻ പ്രോട്ടോക്കോൾ ലംഘനം നടത്തിയത്.

ഉച്ചകോടി നടക്കുന്ന ഹാളിലേക്ക് എത്തിയ ഇമ്രാൻ ഖാൻ നേരെ ഇരിപ്പിടത്തിനു അടുത്തേക്ക് പോയി ഇരിക്കുകയായിരുന്നു. ലോകനേതാക്കൾ ഓരോരുത്തരായി ഹാളിലേക്ക് എത്തുമ്പോഴും ഇമ്രാൻ ഖാൻ ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റില്ല. തന്റെ പേര് വിളിച്ചു പറഞ്ഞപ്പോൾ മാത്രം ഇരിപ്പിടത്തിൽനിന്നും എഴുന്നേൽക്കുകയും വീണ്ടും ഇരിക്കുകയും ചെയ്തു. നരേന്ദ്ര മോദി, വ്ലാഡിമർ പുടിൻ അടക്കമുളള ലോകനേതാക്കൾ ഹാളിനകത്തേക്ക് പ്രവേശിക്കുമ്പോഴും ഇമ്രാൻ ഖാൻ എഴുന്നേൽക്കാൻ കൂട്ടാക്കാതെ ഇരിപ്പിടത്തിൽ ഇരുന്നു. ഹാളിനകത്ത് ഉണ്ടായിരുന്ന ബാക്കി എല്ലാ അതിഥികളും എഴുന്നേറ്റ് നിൽക്കുന്നതു കണ്ടിട്ടും ഇമ്രാൻ ഖാൻ തന്റെ ഇരിപ്പിടത്തിൽ തുടരുകയായിരുന്നു.

നേരത്തെ ഈ മാസമാദ്യം സൗദി അറേബ്യയിൽ നടന്ന ഒഐസി ഉച്ചകോടിയിലും ഇമ്രാൻ ഖാൻ പ്രോട്ടോക്കോൾ ലംഘിച്ചിരുന്നു. ഉച്ചകോടിക്കിടെ സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസിനെ അപമാനിക്കുംവിധത്തിലുളള ഇമ്രാൻ ഖാന്റെ പെരുമാറ്റം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സൗദി രാജാവിന്റെ അരികിലേക്ക് എത്തിയ ഇമ്രാൻ ഖാൻ രാജാവ് സ്വാഗതം ചെയ്തശേഷം എന്തോ സംസാരിക്കുകയും, ഇമ്രാൻ പറഞ്ഞതെന്താണെന്ന് രാജാവിന്റെ പരിഭാഷകൻ വിവരിക്കുന്നതിനിടയിൽ, മറുപടിക്ക് കാത്തുനിൽക്കാതെ രാജാവിനെ അവഗണിച്ച് ഇമ്രാൻ ഖാൻ നടന്നുനീങ്ങുകയായിരുന്നു. ഇമ്രാൻ ഖാന്റെ ഈ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

ബിഷ്കേക്കിൽ നടക്കുന്ന രണ്ടു ദിവസത്തെ എസ്‌സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കടെുക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook