ന്യൂഡൽഹി: മേയ് 30ന് നടക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ക്ഷണിക്കാത്തത് അപ്രധാനമെന്ന് പാക്കിസ്ഥാന്റെ പ്രതികരണം.
‘തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഴുവന്‍ ശ്രദ്ധയും പാക്കിസ്ഥാനെ പ്രഹരിക്കുന്നതില്‍ ആയിരുന്നു. അതില്‍ നിന്നും അദ്ദേഹത്തിന് പെട്ടെന്ന് പുറത്ത് കടക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നത് ബുദ്ധിപരമല്ല,’ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു.
കശ്മീര്‍ വിഷയത്തിലും സിയാച്ചിന്‍, സിര്‍ ക്രീക്ക് പോലുള്ള വിഷയങ്ങളിലും ചര്‍ച്ചകള്‍ നടത്തുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും, സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുന്നതിനെക്കാള്‍ പ്രധാനം അത്തരം കാര്യങ്ങള്‍ക്കാണെന്നും ഖുറേഷി പ്രതികരിച്ചു.
Read More: ‘സമാധാനത്തിനായി’; മോദിയെ അഭിനന്ദിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
2014ല്‍ നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അന്നത്തെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് പങ്കെടുത്തിരുന്നു. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ അത് സഹായകമാകും എന്ന് പ്രതീക്ഷിച്ചിരുന്നു.
നരേന്ദ്ര മോദി രണ്ടാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മോദിക്ക് അഭിനന്ദനമറിയിച്ചുകൊണ്ട് ഇമ്രാന്‍ ഖാൻ രംഗത്തെത്തിയിരുന്നു. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനമെന്നത് ആരോഗ്യകരമായ ആശയവിനിമയാണ്. അതിനാല്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നരേന്ദ്ര മോദിയെ അഭിനന്ദനം അറിയിച്ചിരുന്നു എന്നും ഖുറേഷി പറഞ്ഞു.
‘സംഭാഷണങ്ങള്‍ പുനരാരംഭിക്കുന്നതിന് ഒരു പുതിയ വഴി കണ്ടെത്തുന്നത് ഇന്ത്യയ്ക്കും ആവശ്യമാണ്. മോദിക്ക് ഈ പ്രദേശത്തിന്റെ വികസനം ആവശ്യമാണെങ്കില്‍ പാക്കിസ്ഥാനുമായി ഇരുന്ന് ഒരു പരിഹാരം കണ്ടെത്തുക എന്നത് മാത്രമാണ് ഏക വഴി,’ ഖുറേഷി വ്യക്തമാക്കി. പാക്കിസ്ഥാന് പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് താത്പര്യമെന്നും തങ്ങള്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
Read More: ‘യുദ്ധവെറി പടര്‍ത്തി വീണ്ടും അധികാരത്തിലെത്താനാണ് ബിജെപി ശ്രമിക്കുന്നത്’: ഇമ്രാന്‍ ഖാന്‍
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ വിജയത്തില്‍ ട്വിറ്ററിലൂടെയാണ് മോദിയെ ഇമ്രാന്‍ അഭിനന്ദിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തില്‍ മോദിയെ അഭിനന്ദിക്കുന്നതായി ഇമ്രാന്‍ ട്വീറ്റ് ചെയ്തു. മോദിക്കൊപ്പം ദക്ഷിണ ഏഷ്യയുടെ സമാധാനത്തിനും വളര്‍ച്ചയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഇമ്രാന്‍ ട്വിറ്ററില്‍ കുറിച്ചു. പുതിയതായി അധികാരമേല്‍ക്കാന്‍ പോകുന്ന സര്‍ക്കാര്‍ ഇന്ത്യ-പാക് ബന്ധത്തില്‍ നിര്‍ണായകമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സമാധാനപരമാക്കാന്‍ ശ്രമിക്കുമെന്ന തരത്തിലാണ് ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചത്.
മേയ് 30 രാഷ്ട്രപതി ഭവനില്‍ വച്ചായിരിക്കും മോദിയുടെ സത്യപ്രതിജ്ഞ. ലോക നേതാക്കളും സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ എത്തുമെന്ന് സൂചനകളുണ്ട്. 4.79 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മോദി വാരണാസിയില്‍ നിന്ന് വിജയിച്ചത്. ജൂണ്‍ മൂന്നിന് മുന്‍പ് 17-ാം ലോക്‌സഭ ചേരണം.
ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവഹാനിക്ക് കാരണമായ പുല്‍വാമ ഭീകരാക്രമണമാണ് ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധത്തില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ കാരണമായത്. പാക്കിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയായിരുന്നു ചാവേറാക്രമണത്തിന് പിന്നില്‍. ആക്രമണം നടന്ന് 12 ദിവസങ്ങള്‍ക്ക് ശേഷം, ഫെബ്രുവരി 26ന് ഇന്ത്യ തിരിച്ചടിച്ചു. ബാലാകോട്ടിൽ ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രണം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.