/indian-express-malayalam/media/media_files/uploads/2019/06/narendra-modi-1.jpg)
ന്യൂഡൽഹി: ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്നു ഡൽഹിയിൽ നടക്കും. ലോക്‌സഭയെയും രാജ്യസഭയെയും പ്രതിനിധീകരിക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളെയാണ് മോദി യോഗത്തിലേക്ക് ക്ഷണിച്ചത്. യോഗത്തിൽ 2022 ലെ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷം, ഈ വർഷം വരാനിരിക്കുന്ന മഹാത്മ ഗാന്ധിയുടെ 150-ാം ജന്മദിന വാർഷികം, മറ്റു വിവിധ വിഷയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ചർച്ച ചെയ്യും. യോഗത്തിന്റെ തുടർച്ചയായി നാളെ (ജൂൺ 20) ന് എല്ലാ എംപിമാർക്കും ഡിന്നറും ഒരുക്കിയിട്ടുണ്ട്.
എൻഡിഎ സഖ്യകക്ഷികളായ ശിവസേന, എസ്എഡി,എഐഎഡിഎംകെ യോഗത്തിൽ പങ്കെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷ പാർട്ടി നേതാക്കളിൽ എൻസിപി അധ്യക്ഷൻ ശരത് പവാർ മാത്രമാണ് യോഗത്തിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. കോൺഗ്രസ് ഇതുവരെ യോഗത്തിനുളള ക്ഷണം സ്വീകരിച്ചിട്ടില്ല. അതിനിടെ, ചില പാർട്ടി നേതാക്കൾ ക്ഷണം നിരസിച്ചിട്ടുണ്ട്.
മോദിയുടെ യോഗത്തിൽ പങ്കെടുക്കാത്ത പാർട്ടി നേതാക്കൾ
മമത ബാനർജി, തൃണമൂൽ കോൺഗ്രസ്: വളരെ ചുരുങ്ങിയ സമയത്തിനുളളിലാണ് നിർണായകമായൊരു വിഷയത്തെക്കുറിച്ച് ചർച്ചയ്ക്ക് വിളിച്ചത്. ഗൗരവമേറിയ വിഷയത്തിൽ ധൃതി പിടിച്ച് തീരുമാനം എടുക്കേണ്ടതില്ലെന്നും കൂടുതൽ കൂടിയാലോചനകൾ നടത്തണമെന്നും പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിക്ക് അയച്ച കത്തിൽ മമത ബാനർജി വ്യക്തമാക്കി. യോഗത്തിൽ താൻ പങ്കെടുക്കില്ലെന്നും മമത അറിയിച്ചിട്ടുണ്ട്.
ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിലുളള കലഹത്തിന്റെ തുടർച്ചയുടെ ഭാഗമാണ് മോദി വിളിച്ച സർവ്വകക്ഷി യോഗത്തിൽനിന്നും മമത വിട്ടുനിൽക്കുന്നതെന്നാണ് വിവരം. നേരത്തെ നിതി ആയോഗ് യോഗവും നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങും മമത ബഹിഷ്കരിച്ചിരുന്നു.
എം.കെ.സ്റ്റാലിൻ, ദ്രാവിഡ മുന്നേട്ര കഴകം: ഡിഎംകെ അധ്യക്ഷൻ സ്റ്റാലിനും യോഗത്തിൽ പങ്കെടുക്കില്ല.
അരവിന്ദ് കേജ്‌രിവാൾ, ആം ആദ്മി പാർട്ടി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ യോഗത്തിൽ പങ്കെടുക്കില്ല, പകരം പാർട്ടി അംഗം രാഘവ് ചാധയായിരിക്കും എഎപിയെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുക്കുകയെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
എൻ.ചന്ദ്രബാബു നായിഡു, തെലുങ്കു ദേശം പാർട്ടി: മുൻ എൻഡിഎ സഖ്യകക്ഷിയായിരുന്ന ടിഡിപിയും യോഗത്തിൽനിന്നും വിട്ടുനിൽക്കും. ഗുണ്ടൂരിൽനിന്നുളള പ്രതിനിധി ജയദേവ് ഗല്ല യോഗത്തിൽ പങ്കെടുത്തേക്കുമെന്ന് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
കെ.ചന്ദ്രശേഖർ റാവു, തെലങ്കാന രാഷ്ട്ര സമിതി: ജൂൺ 21 ന് നടക്കുന്ന കാലേശ്വരം ജലസേചന പദ്ധതിയുടെ ഉദ്ഘാടന തിരക്കുകളാൽ യോഗത്തിൽ പങ്കെടുക്കാനാവില്ലെന്നും പകരം പാർട്ടി വർക്കിങ് പ്രസിഡന്റ് കെ.ടി.രാമ റാവുവിനെ അയയ്ക്കുമെന്നും ടിആർഎസ് പ്രസിഡന്റും തെലങ്കാന മുഖ്യമന്ത്രിയുമായ കെസിആർ അറിയിച്ചിട്ടുണ്ട്.
മായാവതി, ബഹുജൻ സമാജ് പാർട്ടി: ബിഎസ്‌പി അധ്യക്ഷ മായാവതിയും യോഗത്തിൽ പങ്കെടുക്കില്ല. നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് പ്രധാനപ്പെട്ട വിഷയങ്ങളിൽനിന്നും ശ്രദ്ധ തിരിക്കാനാണെന്നാണ് മായാവതിയുടെ അഭിപ്രായം. ഇവിഎമ്മുകൾ കേന്ദ്രീകരിച്ചിരുന്നെങ്കിൽ യോഗത്തിൽ പങ്കെടുക്കുമായിരുന്നുവെന്ന് മായാവതി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us