ന്യൂഡൽഹി: കർണാടകയിലെ സഖ്യസർക്കാർ വീണതിൽ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ജനാധിപത്യവും സത്യസന്ധതയും കർണാടകയിലെ ജനങ്ങളും പരാജയപ്പെട്ടെന്ന് രാഹുൽ പറഞ്ഞു. ‘ആദ്യ ദിവസം മുതൽ കർണാടകയിലെ കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യത്തെ നിക്ഷിപ്ത താത്പര്യക്കാർ ലക്ഷ്യമിട്ടിരുന്നു. അകത്തും പുറത്തുമുള്ള ഇത്തരക്കാരുടെ അധികാരവഴിയിലെ തടസമായും ഭീഷണിയായും സഖ്യസർക്കാരിനെ അവർ കണ്ടു. അവരുടെ അത്യാഗ്രഹം വിജയിച്ചിരിക്കുന്നു. ജനാധിപത്യവും സത്യസന്ധതയും കർണാടകയിലെ ജനങ്ങളും പരാജയപ്പെട്ടു- രാഹുൽ ട്വീറ്റ് ചെയ്തു.
പ്രിയങ്ക ഗാന്ധിയും ബിജെപിയെ വിമര്‍ശിച്ച് രംഗത്തെത്തി. ‘എല്ലാം വാങ്ങാന്‍ കഴിയില്ലെന്ന് ബിജെപി ഒരിക്കല്‍ തിരിച്ചറിയും,’ എന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്. ‘എല്ലാം വിലയ്ക്ക് വാങ്ങാന്‍ കഴിയില്ലെന്ന് ബിജെപി ഒരിക്കല്‍ തിരിച്ചറിയും, എല്ലാവരേയും ഭീഷണിപ്പെടുത്താന്‍ കഴിയില്ലെന്ന് തിരിച്ചറിയും, എല്ലാ കളളവും വെളിവാക്കപ്പെടുമെന്ന് തിരിച്ചറിയും,’ പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
Read More: ‘കര്‍ണാടകയില്‍ നടന്നത് കാലിക്കച്ചവടം’; രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍
പതിനാലു മാസത്തിനൊടുവിലാണ് കുമാരസ്വാമി സർക്കാർ വീണത്. കർണാടകത്തിൽ 2018 മേയിൽ നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമുണ്ടായിരുന്നില്ല. തുടർന്ന് 104 അംഗങ്ങളുള്ള ബിജെപിയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ കഴിയാത്തതിനെത്തുടർന്ന് നാലു ദിവസത്തിനുശേഷം ബി.എസ്.യെഡിയൂരപ്പ രാജിവച്ചു. തുടർന്നായിരുന്നു കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സർക്കാർ അധികാരമേറ്റത്.
ബിജെപിയിൽനിന്നു നിരന്തരം ഭീഷണിയുണ്ടായിരുന്നെങ്കിലും പലപ്പോഴും മുതിർന്ന നേതാവ് ഡി.കെ.ശിവകുമാറിന്റെ ഇടപെടലാണു സർക്കാരിനെ രക്ഷിച്ചത്. ഭരണപക്ഷത്തെ 16 (കോണ്‍ഗ്രസ് 13, ജെഡിഎസ്-3) എംഎൽഎമാർ രാജിവച്ചതോടെയായിരുന്നു ഇക്കുറി സർക്കാർ പ്രതിസന്ധിയിലായത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook