ന്യൂഡൽഹി: പതിനേഴാം ലോക്സഭയുടെ സ്പീക്കറായി ഓം ബിർല തിരഞ്ഞെടുക്കപ്പെട്ടു. ഏകകണ്ഠമായിട്ടായിരുന്നു തിരഞ്ഞെടുപ്പ്. പാർലമെന്റ് ലീഡറായ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഓം ബിർലയുടെ പേര് നിർദേശിച്ചത്. ഇതിനെ പ്രതിപക്ഷവും പിന്തുണച്ചതോടെ ബിർലയെ ലോക്‌സഭാ സ്പീക്കറായി തിരഞ്ഞെടുത്തു.

രാജസ്ഥാനിലെ കോട്ടയിൽനിന്നുളള എംപിയാണ് ഓം ബിർല. രണ്ടാം വട്ടമാണ് അദ്ദേഹം കോട്ടയിൽനിന്നും പാർലമെന്റിലേക്ക് എത്തുന്നത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ രാംനാരായണ്‍ മീനയെ ആണ് ഓം ബിര്‍ല പരാജയപ്പെടുത്തിയത്. 2.5 ലക്ഷം വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹത്തിന്റെ വിജയം. ഈ വര്‍ഷം ലോക്സഭാ തരിഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്റെ പിന്‍ഗാമിയായാണ് അദ്ദേഹം സ്പീക്കർ സ്ഥാനത്തേക്ക് എത്തിയത്.

സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിർലയെ അനുമോദിച്ച പ്രധാനമന്ത്രി അദ്ദേഹം രാജ്യവികസനത്തിനു നൽകിയ സംഭാവനകളെക്കുറിച്ചും സംസാരിച്ചു. ദയാലുവും എപ്പോഴും മുഖത്ത് ചിരിയുളള നേതാവുമാണ് ഓം ബിർലയെന്നാണ് മോദി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ”വർഷങ്ങളായി ജനസേവന പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവനാണ്. രാജസ്ഥാനിൽ മാത്രമല്ല, രാജ്യത്തിന്രെ മറ്റിടങ്ങളിലും അദ്ദേഹം സേവന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഭുജ് ഭൂകമ്പ സമയത്ത് ബിർലയുടെ സേവന പ്രവർത്തനങ്ങൾ എനിക്കിപ്പോഴും ഓർമ്മയുണ്ട്. ആരെയും സഹായിക്കാനുളള മനസുളള വ്യക്തിയാണ് ബിർല. കേദാർനാഥ് ദുരന്തമുണ്ടായപ്പോഴും അദ്ദേഹം സഹായവുമായി എത്തിയിരുന്നു,” മോദി പറഞ്ഞു.

om birla, lok sabha speaker, ie malayalam

വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ സജീവപ്രവർത്തകനായിരുന്നു ബിർല. 17-ാം വയസിലായിരുന്നു രാഷ്ട്രീയ പ്രവേശനം. 4 വർഷം ഭാരതീയ ജനത യുവ മോർച്ചയുടെ ജില്ലാ ജില്ലാ പ്രസിഡന്റായിരുന്നു. 1991-97 വരെ സംസ്ഥാന പ്രസിഡന്റായിരുന്നു. 6 വർഷം യൂത്ത് വിങ്ങിന്റെ ദേശീയ പ്രസിഡന്റുമായിരുന്നു.

ലോക്സഭാ വെബ്സൈറ്റിലെ അദ്ദേഹത്തിന്റെ പ്രൊഫൈലിൽ പറഞ്ഞിരിക്കുന്നതുപ്രകാരം, ആർഎസ്എസ് അംഗമാണ് ബിർല. 2001 ൽ നടന്ന രാമക്ഷേത്രം പ്രക്ഷോഭത്തിൽ അറസ്റ്റിലായി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

രണ്ടാം തവണ മാത്രം ലോക്സഭാംഗമായ ഓം ബിർലയെ സ്പീക്കറാക്കാനുള്ള ബിജെപി തീരുമാനം പലർക്കും അതിശയമായിരുന്നു. അതേസമയം, ഇതിനു മുൻപും ഇത്തരത്തിൽ ബിജെപിയുടെ അടുപ്പക്കാർ ലോക്സഭാ സ്പീക്കറായിട്ടുണ്ട്. 1996 ൽ രണ്ടാം തവണ ലോക്സഭാ അംഗമായ ടിഡിപി നേതാവ് സി.എം.ബാലയോഗിയെ ലോക്സഭാ സ്പീക്കറായി തിരഞ്ഞെടുത്തിരുന്നു. 2002 ൽ ഹെലികോപ്റ്റർ അപകടത്തിൽ അദ്ദേഹം മരിച്ചതിനെ തുടർന്ന്, ആദ്യ തവണ ലോക്സഭാ അംഗമായ മനോഹർ ജോഷിയെ ബാലയോഗിക്കു പകരം സ്പീക്കറായി നിയമിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook