ന്യൂഡല്‍ഹി: പതിനേഴാമത് ലോക്സഭാ സമ്മേളനത്തിന്റെ രണ്ടാം ദിനം ബിജെപി പുതിയ ലോക്സഭാ സ്പീക്കറായി ഓം ബിര്‍ലയെ നാമനിര്‍ദേശം ചെയ്യും. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുളള എംപിയാണ് ബിര്‍ല. ഔദ്യോഗികമായ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.

ഇത് തങ്ങളുടെ കുടുംബത്തിന് വളരെ അഭിമാനകരമായ നിമിഷമാണെന്ന് ബിര്‍ലയുടെ ഭാര്യ അമിത് ബിര്‍ല പ്രതികരിച്ചു. ‘വളരെ അഭിമാനവും സന്തോഷവും നിറഞ്ഞ നിമിഷമാണിത്. അദ്ദേഹത്തെ തിരഞ്ഞെടുത്തതിന് വളരെ നന്ദിയുണ്ട്, അമിത് ബിര്‍ല വ്യക്തമാക്കി.

Read More: ലോക്സഭയിൽ സത്യപ്രതിജ്ഞ ഇന്നും തുടരും; സ്പീക്കറെ ഇന്ന് തിരഞ്ഞെടുത്തേക്കും

2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ രാംനാരായണ്‍ മീനയെ ആണ് ഓം ബിര്‍ല പരാജയപ്പെടുത്തിയത്. 2.5 ലക്ഷം വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹത്തിന്റെ വിജയം. ഈ വര്‍ഷം ലോക്സഭാ തരിഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്റെ പിന്‍ഗാമിയായാണ് അദ്ദേഹം സ്പീക്കറാവുന്നത്. ലോക്സഭയില്‍ എന്‍ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ഉളളതുകൊണ്ട് തന്നെ ബിര്‍ല എളുപ്പത്തില്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടും.

ആവശ്യമെങ്കില്‍ നാളെയാവും സ്പീക്കറെ തിരഞ്ഞെടുക്കാനുളള വോട്ടെടുപ്പ് നടക്കുക. തിങ്കളാഴ്ച പ്രോടേം സ്പീക്കറായി വീരേന്ദ്രകുമാര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. പുതിയ സ്പീക്കര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ വീരേന്ദ്രകുമാര്‍ പ്രോടേം സ്പീക്കര്‍ സ്ഥാനം വിടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook