ബർലിൻ: യുക്രൈൻ-റഷ്യ യുദ്ധത്തിൽ ഒരു രാജ്യത്തിനും വിജയിക്കാൻ സാധിക്കില്ലെന്നും എല്ലാവരും അതിന്റെ അനന്തര ഫലം അനുഭവിക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ”യുക്രൈനിയൻ പ്രതിസന്ധിയുടെ തുടക്കം മുതൽ തന്നെ തർക്കം പരിഹരിക്കാനുള്ള ഒരേയൊരു മാർഗ്ഗം ചർച്ചയാണ് ഇന്ത്യ പറഞ്ഞിരുന്നു. ഈ യുദ്ധത്തിൽ വിജയിക്കുന്ന ഒരാളും ഉണ്ടാകില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, എല്ലാവരും കഷ്ടപ്പെടും. അതുകൊണ്ടാണ് ഞങ്ങൾ സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തത്,” മോദി പറഞ്ഞു.
ജർമനിയിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് യുക്രൈൻ-റഷ്യ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാട് അറിയിച്ചത്. ”യുക്രൈൻ സംഘർഷത്തെ തുടർന്ന് എണ്ണവില കുതിച്ചുയരുന്നു; ലോകത്ത് ഭക്ഷ്യധാന്യങ്ങളുടെയും വളങ്ങളുടെയും ക്ഷാമമുണ്ട്. ഇത് ലോകത്തിലെ എല്ലാ കുടുംബങ്ങളെയും ബാധിച്ചിട്ടുണ്ട്, വികസ്വര രാജ്യങ്ങളിലും ദരിദ്ര രാജ്യങ്ങളിലും അതിന്റെ ആഘാതം കൂടുതൽ ഗുരുതരമായിരിക്കും. ഈ യുദ്ധത്തിന്റെ മാനുഷിക ആഘാതത്തിൽ ഇന്ത്യ അഗാധമായ ആശങ്കയിലാണ്. യുക്രൈനിലേക്ക് ഇന്ത്യ മാനുഷിക സഹായം അയച്ചിട്ടുണ്ട്. ഭക്ഷ്യ കയറ്റുമതി, എണ്ണ വിതരണം, സാമ്പത്തിക സഹായം എന്നിവയിലൂടെ മറ്റ് സൗഹൃദ രാജ്യങ്ങളെ സഹായിക്കാനും ഞങ്ങൾ ശ്രമിക്കുന്നു,” മോദി പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമനിയിൽ എത്തിയത്. വൈകുന്നേരം നടന്ന ആറാമത് ഇന്ത്യ-ജർമനി ഭരണതല കൂടിക്കാഴ്ചയിൽ മോദിയും ജർമൻ ചാൻസലർ ഒലാഫ് ഷോൾസും പങ്കെടുത്തു. ത്രിദിന യാത്രാപരിപാടിയിൽ ജർമനിയും ഡെൻമാർക്കും ഫ്രാൻസും മോദി സന്ദർശിക്കും.