ന്യൂഡല്‍ഹി: എല്ലാ വര്‍ഷവും ബജറ്റ് രേഖകള്‍ ധനമന്ത്രിമാര്‍ ധനമന്ത്രാലയത്തിലേക്കും പാര്‍ലമെന്റിലേക്കും കൊണ്ടുവരുന്നത് പെട്ടിയിലാണ്. കഴിഞ്ഞ വർഷങ്ങളിലൊന്നും ഈ പതിവ് ധനമന്ത്രിമാർ തെറ്റിച്ചിട്ടില്ല. ഈ രീതി മാറ്റുകയാണ് മോദി സര്‍ക്കാരിലെ നിർമ്മല സീതാരാമന്. ചുവന്ന തുണിയില്‍ (ബാഹി ഖാത) പൊതിഞ്ഞ ഒരു ഫയല്‍ക്കെട്ടുമായിട്ടാണ് നിര്‍മല സീതാരാമന് തന്റെ ആദ്യ ബജറ്റ് അവതരണത്തിനായി പാര്‍ലമെന്റിലെത്തിയത്. ഇതിന് മുകളില്‍ അശോക ചക്രത്തിന്റെ ചിഹ്നവും അടങ്ങിയിട്ടുണ്ട്.
ബജറ്റ് അവതരണ ദിനം ബജറ്റ് ഉള്‍ക്കൊണ്ട ബ്രീഫ്കേസുമായി ധനമന്ത്രിമാര്‍ ഫോട്ടോയെടുക്കുന്നതു പതിവാണ്. ബജറ്റ് എന്ന പദത്തിന്റെ അര്‍ഥം ‘തുകല്‍ ബാഗ്’ എന്നാണ്. വരും വര്‍ഷത്തെ രാജ്യത്തിന്റെ ഭാവിയാണ് ഈ ബജറ്റ് ബ്രീഫ്കേസ് ഉള്‍ക്കൊള്ളുന്നതെന്നു സാരം. 1947ലെ ആദ്യ ബജറ്റ് മുതല്‍ ഈ ബ്രീഫ്കേസിലാണ് ബജറ്റ് സഭയിലെത്തുന്നത്. സാധാരണ ബൗണ് നിറത്തിലുള്ള ബാഗ് ആണ് ഉപയോഗിച്ചു വരുന്നതെങ്കിലും 1991ല്‍ രാജ്യം തകര്‍ച്ച നേരിട്ട സമയത്തു മൻമോഹന് സിങ് അവതരിപ്പിച്ച ഐതിഹാസിക ബജറ്റ് കൊണ്ടുവന്നത് കറുത്ത ബ്രീഫ്കേസിലായിരുന്നു. ജവഹര്‍ലാല്‍ നെഹ്റുവും യശ്വന്ത് സിന്‍ഹയും കറുത്ത പെട്ടി കൊണ്ടുവന്നിട്ടുണ്ട്. പ്രണബ് മുഖര്‍ജി ഒരിക്കല്‍ ബജറ്റ് കൊണ്ടുവന്നത് ചുവന്ന പെട്ടിയിലായിരുന്നു.
ശുഭ കാര്യങ്ങള്‍ക്ക് തുകല്‍ കൊണ്ട് നിര്‍മ്മിച്ച ബാഗ് നല്ലതല്ലെന്നാണ് നിര്‍മല സീതാരാമന്റെ വിശ്വാസം എന്നാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന് പറയുന്നത്. കൂടാതെ പാശ്ചാത്യ പാരമ്പര്യത്തിന്റെ സൂചകമായ തുകല്‍ ബാഗ് ഒഴിവാക്കുക എന്ന ഉദ്ദേശ്യവും ഉണ്ടെന്ന് അദ്ദേഹം പറയുന്നു.
Read More: Union Budget 2019 Live: ബജറ്റ് അവതരണം തുടങ്ങി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന് ഇന്ന് രാവിലെ 11ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയാണ്. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ആദ്യത്തെ ‘ഫുള്‍ടൈം വനിത ധനമന്ത്രി’യും രണ്ടാമത്തെ വനിത ധനമന്ത്രിയുമാണ് നിർമല. 1970 ഫെബ്രുവരി 28ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ബജറ്റ് അവതരിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ബജറ്റ് പ്രസംഗത്തിനെത്തുന്ന രണ്ടാമത്തെ വനിതയാണ് നിര്‍മല.
രാജ്യം നേരിടുന്ന ഒട്ടേറെ വെല്ലുവിളികള്‍ക്കുള്ള പരിഹാരങ്ങളാണ് നിര്‍മല സീതാരാമന്റെ ബജറ്റില്‍ ഏവരും ഉറ്റുനോക്കുന്നത്. 2025 ഓടെ ഇന്ത്യയെ അഞ്ച് ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്പദ്വ്യവസ്ഥയാക്കി വളര്‍ത്തണമെങ്കില്‍ ശരാശരി എട്ട് ശതമാനം ജിഡിപി വളര്‍ച്ച വേണമെന്ന് സാമ്പത്തിക സര്‍വേ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വളര്‍ച്ച 6.8 ശതമാനമായിരുന്നു. സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനമേകുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.