ന്യൂഡൽഹി: കേരളത്തിൽ നിപ സ്ഥിരീകരിച്ചതിനുപിന്നാലെ കേരളത്തിന് പൂർണ സഹായം വാഗ്‌ദാനം ചെയ്ത് കേന്ദ്രസർക്കാർ. കേരളത്തിലെ ആരോഗ്യമന്ത്രിയുമായി സംസാരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. നിപയെ നേരിടാൻ വേണ്ട സംവിധാനങ്ങൾ കേരളത്തിലും ഡൽഹിയിലും സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും കേരളത്തിന് നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സംസ്ഥാന സർക്കാർ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മരുന്നുകൾ വിമാനത്തിലെത്തിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡൽഹിയിലും കൺട്രോൾ റൂം തുറന്നതായി മന്ത്രി അറിയിച്ചു. 01123978046- ആണ് ഡല്‍ഹിയിലെ കണ്‍ട്രോള്‍ റൂം നമ്പര്‍.
നിപ വൈറസ്: രോഗം, കാരണം, പ്രതിരോധം… അറിയേണ്ടതെല്ലാം
കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് പൂനെ വൈറോളജി ലാബിൽനിന്ന് പരിശോധനാ ഫലം ലഭിച്ചത്. ഇതിനു പിന്നാലെ തന്നെ ആറംഗ കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയയ്ക്കാൻ നടപടിയെടുത്തതായും മന്ത്രി വ്യക്തമാക്കി. ഡല്‍ഹി എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ ആറംഗസംഘമാണ് ഇന്നു രാവിലെയോടെ കൊച്ചിയിലെത്തിയത്.
ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജയാണ് സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ‌്യൂട്ടിൽ നിന്നും എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ പരിശോധന ഫലം ലഭിച്ചതിനെ തുടർന്നാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് മന്ത്രി വാർത്താസമ്മേളനം നടത്തിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
വിദ്യാർഥിയെ ചികിത്സിച്ച രണ്ട് നഴ്സുമാർക്കും പനിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതിനാൽ ഇരുവരും ഇപ്പോൾ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. ചികിത്സയിലുള്ള ഒരാളെ കൂടി ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയതായും മന്ത്രി വ്യക്തമാക്കി. നിലവില്‍ രോഗം സംശയിക്കുന്ന ആളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്ന 86 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
അതേസമയം, പുതിയ നിപ കേസിന്റെ ഉറവിടം ഇടുക്കിയെന്ന് പറയാനാവില്ലെന്നാണ് ഇടുക്കി ഡിഎംഒ എൻ.പ്രിയ പറഞ്ഞത്. ഇടുക്കി ജില്ലയിൽ ഇതുവരെ ആരും നിരീക്ഷണത്തിൽ ഇല്ല. ഇടുക്കിയിലും തൊടുപുഴയിലുമായി 2 ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.