ഭൂകമ്പം ബാധിച്ച തുർക്കിയിൽ നഷ്ടങ്ങളുടെയും മരണങ്ങളുടെയും കാഴ്ച ഹൃദയം തകർക്കുമ്പോൾ, ചില അത്ഭുതങ്ങൾ ജീവിതത്തിൽ പ്രതീക്ഷ നൽകുന്നു. ഫെബ്രുവരി ആറിനു റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ വലിയ ഭൂകമ്പത്തിൽനിന്ന് 80 മണിക്കൂറിനു ശേഷം തുർക്കിയിലെ നൂർദാഗിയിൽ ആറ് വയസുകാരിയെ ജീവനോടെ കണ്ടെത്തിയതാണ് അത്തരത്തിലുള്ള ഒരു അത്ഭുതം. ഓപ്പറേഷൻ ദോസ്തിന്റെ ഭാഗമായി നഗരത്തിൽ വിന്യസിക്കപ്പെട്ട ഇന്ത്യയുടെ ദേശീയ ദുരന്തനിവാരണ സേന (എൻ ഡി ആർ എഫ്) ടീമിന്റെ രക്ഷാപ്രവർത്തനത്തെ വിജയകരമാക്കിയതു ജൂലിയെന്ന ആറുവയസ്സുകാരി ലാബ്രഡോറാണ്.
തുർക്കിയിലെ ഓപ്പറേഷൻ ദോസ്തിന്റെ ഭാഗമായി 151 എൻ ഡി ആർ എഫ് സംഘത്തിനൊപ്പം പോയ നാല് നായ്ക്കളിൽ ഒന്നാണു ജൂലി. അവശിഷ്ടങ്ങൾക്കിടയിൽനിന്നുള്ള ജൂലിയുടെ കുരയാണ് ആറുവയസ്സുള്ള ബെറന്റെ സാന്നിധ്യം കണ്ടെത്താൻ ടീമിനെ സഹായിച്ചത്. ജൂലിയെപോലെയുള്ള നായ്ക്കൾക്ക് അവശിഷ്ടങ്ങൾക്കിടയിൽനിന്നു ജീവിച്ചിരിക്കുന്നവരെയും മരിച്ചവരുടെ സാന്നിധ്യം കണ്ടെത്താൻ പ്രത്യേകം പരിശീലനം ലഭിച്ചിട്ടുണ്ട്. കെട്ടിടങ്ങളോ മറ്റു ഘടനകളോ തകരുകയോ തീപിടിത്തങ്ങളോ പോലുള്ള രാജ്യത്തുടനീളമുള്ള നിരവധി രക്ഷാപ്രവർത്തനങ്ങളിൽ എൻ ഡി ആർ എഫിന്റെ റെസ്ക്യു നായ്ക്കൾ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 2015-ൽ നേപ്പാളിലെ വൻ ഭൂകമ്പത്തിന്റെ സമയത്തും ഇവരെ ഉപയോഗിച്ചിരുന്നു.
ലോകമെമ്പാടുമുള്ള റെസ്ക്യു ഡോഗ് സംഘങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്കായി തുർക്കിയിൽ എത്തുന്നുണ്ട്. മധ്യ അമേരിക്കൻ ഭൂകമ്പ സാധ്യതയുള്ള മേഖലയിലെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന പ്രത്യേക നായ് സംഘവുമായി മെക്സിക്കോയും തുർക്കിയിൽ ഉണ്ട്. 2017ൽ പ്യുബ്ല ഭൂകമ്പത്തിനുശേഷമാണ് ഇത് രൂപപ്പെടുത്തിയത്.
തുർക്കിയിൽ നടക്കുന്നതുപോലുള്ള രക്ഷാപ്രവർത്തനങ്ങളുടെ വിജയത്തിന് റെസ്ക്യു നായ്ക്കൾ പ്രധാനമാണ്. മണിക്കൂറുകൾ കടന്നുപോകുമ്പോൾ അവശിഷ്ടങ്ങൾക്കിടയിൽ ആളുകളെ ജീവനോടെ കണ്ടെത്തുമെന്ന പ്രതീക്ഷയും മങ്ങുന്നു. എൻ ഡി ആർഎഫിന്റെ ഒരു ട്വീറ്റിൽ പറയുന്നപോലെ, ഒരു നായ ഉണ്ടായിരിക്കുന്നത് “നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിരവധി ദിവസങ്ങൾ കൊണ്ട് നിങ്ങളെ അനുഗ്രഹിക്കും.” കൂടാതെ “ഏറ്റവും മോശമായ സമയത്ത്” അത് ഒരു അനുഗ്രഹമായിരിക്കും.
ഗാസിയാൻടെപ് നഗരത്തിലെ ഒരു വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് പെൺകുട്ടിയെ പുറത്തെടുത്തത്. രാവിലെ ഒൻപതോടെ ജൂലിയുടെ കുര കേട്ടാണ് അവിടെ പരിശോധന ആരംഭിച്ചത്. രണ്ടു മണിക്കൂറിനുഷം എഴുപത്തി അഞ്ചുകാരിയുടെ ശരീരം ലഭിച്ചു. അതിനുശേഷമാണ് ആറുവയസുകാരിയെ കണ്ടെത്തിയത്.