ന്യൂഡല്‍ഹി: കശ്മീരിലെ കത്തുവയില്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ ജമ്മു ആൻഡ് കശ്മീര്‍ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ പറഞ്ഞു.
കേസില്‍ മൂന്ന് പ്രതികൾക്ക് ജീവപര്യന്തവും മൂന്ന് പേർക്ക് അഞ്ച് വർഷം തടവുമാണ് പത്താന്‍കോട്ട് കോടതി വിധിച്ചത്. എന്നാൽ ശിക്ഷയിൽ തൃപ്തിയില്ലെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. വിധി അംഗീകരിക്കുന്നതായും എന്നാല്‍ വധശിക്ഷയാണ് പ്രതികള്‍ക്ക് നല്‍കേണ്ടതെന്നും രേഖ ശര്‍മ്മ വ്യക്തമാക്കി.
കേസ് അപൂർവങ്ങളിൽ അപൂർവമായി പരിഗണിച്ച് പ്രതികൾക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. എന്നാൽ രണ്ട് കാരണങ്ങൾ പരിഗണിച്ച് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. അതിൽ പ്രധാനമായും പ്രതികൾ ഇതിന് മുൻപ് ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടില്ലെന്നായിരുന്നു. ഇതോടൊപ്പം ഇവർക്ക് മനംമാറ്റം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കോടതി വിലയിരുത്തി.
സാഞ്ജി റാം, ദീപക് ഖജൂരിയ, പർവേഷ് കുമാർ എന്നിവർക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്. കൂട്ടബലാത്സംഗ കുറ്റത്തിന് മൂന്നുപേർക്കും 25 വർഷം കഠിന തടവും വിധിച്ചു. ഒരു ലക്ഷം രൂപ വീതം പിഴയും പത്താൻകോട്ട് സെഷൻസ് കോടതി വിധിച്ചു.
Read More: കത്തുവ കൂട്ടബലാത്സംഗ കേസ്: മൂന്നു പ്രതികൾക്ക് ജീവപര്യന്തം, മറ്റു മൂന്നു പ്രതികൾക്ക് അഞ്ചു വർഷം തടവ്
സബ് ഇൻസ്പെക്ടർ ആനന്ദ് ദത്ത, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, സ്പെഷ്യൽ പൊലീസ് ഓഫീസർ സുരേന്ദർ വർമ്മ എന്നീ മൂന്നു പ്രതികൾക്ക് അഞ്ചു വർഷം തടവ് വിധിച്ചു. തെളിവ് നശിപ്പിച്ചുവെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.
കേസിൽ ആറ് പേര്‍ കുറ്റക്കാരാണെന്ന് പത്താൻകോട്ട് കോടതി കണ്ടെത്തിയിരുന്നു. ഗ്രാമമുഖ്യനായ സഞ്ജി റാം, രണ്ട് പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരായ ദീപക് കജൂരിയ, സുരേന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, പര്‍വേഷ് കുമാര്‍, പ്രായപൂര്‍ത്തിയാകാത്ത പ്രതി എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
ഏഴ് പ്രതികളില്‍ ഒരാളെ വെറുതെ വിട്ടു. മുഖ്യപ്രതി സഞ്ജി റാമിന്റെ മകന്‍ വിശാലിനെയാണ് വെറുതെ വിട്ടത്. ആറ് പേര്‍ക്കെതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനും ആണ് കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാവാത്ത ആളാണ്. ഇയാളുടെ വിചാരണ പൂർത്തിയായിട്ടില്ല.
കേസിലെ രഹസ്യവിചാരണ ജൂൺ മൂന്നിന് അവസാനിച്ചിരുന്നു. വിധി പറയുന്ന പത്താൻകോട്ട് പ്രത്യേക കോടതിയിൽ സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ നടന്ന കൊലപാതകം രാജ്യത്ത് ഒട്ടാകെ വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാക്കിയിരുന്നു.
ജമ്മു കശ്മീരിൽനിന്ന് കേസ് മാറ്റണമെന്നു സുപ്രീം കോടതി നിർദേശിച്ചതു പ്രകാരമാണ് കഴിഞ്ഞവർഷം ജൂണിൽ പത്താൻകോട്ട് ജില്ലാ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ ആരംഭിച്ചത്. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ശ്രമിച്ച ക്രൈംബ്രാഞ്ച് സംഘത്തെ കത്തുവയിലെ അഭിഭാഷകർ തടഞ്ഞതിനു പിന്നാലെയാണ് സുപ്രീം കോടതി ഇടപെട്ടത്. എല്ലാ ദിവസത്തെയും വിചാരണ നടപടികൾ കാമറയിൽ പകർത്തി.
2018 ജനുവരി 10 നാണ് എട്ടുവയസുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയത്. കത്തുവയിലെ ഒരു ക്ഷേത്രത്തിനകത്ത് കുട്ടിയെ കെട്ടിയിട്ട് മയക്കുമരുന്നു നൽകി മയക്കിയശേഷം നാലു ദിവസം കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. പിന്നീട് മൃതദേഹം വനമ്പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. ജമ്മു കശ്മീര്‍ പൊലീസിന്റെ സമര്‍ത്ഥമായ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.