ഡെറാഡൂൺ: കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാർനാഥ് സന്ദർശിക്കാനെത്തിയത്. കേദാർനാഥിലെത്തിയ മോദി അവിടുത്തെ മലനിരകളിലുളള ഗുഹയിൽ ധ്യാനം ചെയ്തു. ഇതോടെ ഗുഹയ്ക്ക് പ്രശസ്തിയാർജിച്ചു. മോദി ധ്യാനനിമഗ്നനായ ഗുഹയിലേക്ക് ഇപ്പോൾ തീർഥാടകരുടെ ഒഴുക്കാണ്. ദിവസവും നിരവധി പേരാണ് ഘർവാൾ മണ്ഡൽ വികാസ് നിഗം ലിമിറ്റഡ് (ജിഎംവിഎൻ) വെബ്സൈറ്റിലെത്തി ബുക്ക് ചെയ്യുന്നത്.
ജൂലൈ മാസം മുഴുവൻ ധ്യാൻ ഗുഹ തീർഥാടകർ ബുക്ക് ചെയ്തതായും ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ മുൻകൂർ ബുക്കിങ് ചെയ്യുന്നതായും ജിഎംവിഎൻ ജനറൽ മാനേജർ ബി.എൽ.റാണ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുളളവരാണ് ബുക്ക് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മേയിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുശേഷം ഒരു ദിവസം പോലും ധ്യാൻ ഗുഹയിൽ ആരും എത്താതെ വന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കേദാർനാഥ് ക്ഷേത്രത്തിനു സമീപത്തുളള ഗുഹയിലേക്ക് തീർഥാടകരുടെ ഒഴുക്ക് വർധിച്ചതോടെ ധ്യാനത്തിനായി മറ്റു മൂന്നു ഗുഹകൾ കൂടി സജ്ജീകരിക്കാനുളള നീക്കത്തിലാണെന്ന് രുദ്രപ്രയാഗ് ജില്ലാ മജിസ്ട്രേറ്റ് മങ്കേഷ് ഗിൽദിയാൽ പിടിഐയോട് പറഞ്ഞു. ഇപ്പോഴുളളതിന് അടുത്തായി മൂന്നു ഗുഹകൾ കൂടി നിർമ്മിക്കാനാണ് നീക്കം. ഒന്നിന്റെ നിർമ്മാണം തുടങ്ങി കഴിഞ്ഞു. മറ്റു രണ്ടു ഗുഹകൾ നിർമ്മിക്കുന്നതിനുളള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തോളമായി ഈ ഗുഹ അവിടെയുണ്ടെന്നാണ് ഗിൽദിയാൽ പറയുന്നത്. പക്ഷേ മേയ് 18 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെ ധ്യാനം ചെയ്തതു മുതലാണ് ജനങ്ങൾക്ക് കൂടുതൽ താൽപര്യമുണ്ടായത്. ഗുഹയിൽ കാവി പുതച്ച് ധ്യാനത്തിലിരിക്കുന്ന മോദിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതാണ് വിനോദസഞ്ചാരികളെ ഇവിടേക്ക് വരാൻ കൂടുതൽ ആകർഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ അടിക്കടിയുളള സന്ദർശനത്തോടെ കേദാർനാഥിൽ തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. കഴിഞ്ഞ തവണ പ്രധാനമന്ത്രിയായിരുന്ന സമയത്ത് നാലു തവണയാണ് മോദി ഇവിടെ സന്ദർശനത്തിനെത്തിയത്. ഈ വർഷം 50 ദിവസത്തിനുളളിൽ 7,62,000 തീർഥാടകരാണ് ഇവിടെയെത്തിയത്. ഇത് റെക്കോർഡാണെന്ന് ഗിൽദിയാൽ അഭിപ്രായപ്പെട്ടു. മേയ് 9 നാണ് കേദാർനാഥ് ക്ഷേത്രം തീർഥാടകർക്കായി തുറന്നത്.
Crave for Modi cave: 4 more planned in #Kedarnath pic.twitter.com/Jao66ZbwBH
— editorji (@editorji) June 25, 2019
”കഴിഞ്ഞ വർഷം തീർഥാടന കാലത്ത് 7,32,000 പേരാണ് കേദാർനാഥിലെത്തിയത്. ഈ വർഷം മൂന്നു മാസം കൂടി അവശേഷിക്കുന്നുണ്ട്. ഒക്ടോബറിൽ തീർഥാടന കാലം അവസാനിക്കുമ്പോഴേക്കും 10 ലക്ഷം പേർ എത്തുമെന്നാണ് പ്രതീക്ഷ. ഇത്രയും തീർഥാടകർ എത്തുന്നത് കേദാർനാഥിന്റെ ചരിത്രത്തിൽ ഇതാദ്യമായിരിക്കും,” ഗിൽദിയാൽ പറഞ്ഞു.