ന്യൂഡൽഹി: രഷ്ട്രപതി രാംനാഥ് കോവിന്ദ് നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി നിയമിച്ചു. പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവുമായി നരേന്ദ്ര മോദി രാഷ്ട്രപതിയെ കണ്ടു. മന്ത്രിമാരുടെ പേരുകളും സത്യപ്രതിജ്ഞാ ചടങ്ങിന്റെ സമയവും തീയതിയും നിർദേശിക്കാനും മോദിയോടു രാഷ്ട്രപതി ആവശ്യപ്പെട്ടു.
എൻഡിഎ നേതാക്കൾക്ക് ഒപ്പമെത്തിയായിരുന്നു നരേന്ദ്ര മോദി രാഷ്ട്രപതിയെ കണ്ടത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, നേതാക്കളായ രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, സുഷമാ സ്വരാജ്, ഘടകകക്ഷി നേതാക്കളായ പ്രകാശ് സിങ് ബാദൽ, നിതീഷ് കുമാർ, റാം വിലാസ് പാസ്വാൻ, ഉദ്ധവ് താക്കറെ, കെ. പളനിസാമി, കോൺറാഡ് സാങ്മ, നെഫ്യു റിയോ എന്നിവരും പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. മോദിയെ എൻഡിഎ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തത് അറിയിക്കുന്ന കത്തും എംപിമാരുടെ പിന്തുണ കത്തും നേതാക്കൾ രാഷ്ട്രപതിക്ക് കൈമാറി.
എല്ലാവരെയും ഒന്നിച്ച് മുന്നോട്ട് നയിക്കുന്ന സര്‍ക്കാരായിരിക്കും തന്‍റേതെന്ന് രാഷ്ട്രപതിയെ കണ്ടശേഷം മോദി പറഞ്ഞു.
ശനിയാഴ്ചയാണ് ബി.ജെ.പിയുടെയും എൻ.ഡി.യെയുടെ പാർലമെന്ററി പാർട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തത്. ഐക്യഖണ്ഡേനയാണ് പാർലമെന്ററി പാർട്ടി യോഗം നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞെടുത്തത്. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ അധ്യക്ഷൻ അമിത് ഷായാണ് നരേന്ദ്ര മോദിയുടെ പേര് നിർദ്ദേശിച്ചത്. രാജ്നാഥ് സിങ്ങും നിതിൻ ഗഡ്കരിയും പിന്താങ്ങുകയും ചെയ്തു. എൻ.ഡി.എ യോഗത്തിൽ പ്രാകാശ് സിങ് ബാദൽ മോദിയുടെ പേര് നിർദ്ദേശിച്ചപ്പോൾ നിതീഷ് കുമാറും ഉദ്ധവ് താക്കറെയും പിന്താങ്ങി. മേയ് 30ന് പുതിയ നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന.
ആകെയുള്ള 543 സീറ്റുകളിലേക്ക് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ആധിപത്യത്തോടെയാണ് എന്‍ഡിഎ അധികാരം നിലനിര്‍ത്തിയത്. 350 സീറ്റുകള്‍ വിജയിച്ച എന്‍ഡിഎ മുന്നണിയില്‍ 303 സീറ്റുകളുമായി ബിജെപി ശക്തി തെളിയിച്ചു. കഴിഞ്ഞ ലോക്‌സഭയില്‍ 282 സീറ്റുകളായിരുന്നു ബിജെപിക്കുണ്ടായിരുന്നത്.
സെൻട്രൽ ഹാളിൽ വച്ചിരുന്ന ഭരണഘടനയിൽ തലതൊട്ട് വന്ദിച്ചാണ് മോദി പ്രംസഗം ആരംഭിച്ചത്. ലോക്‌സഭ തിരഞ്ഞെുപ്പിലെ വിജയത്തിൽ പാർട്ടി പ്രവർത്തകരോടും ഘടകകക്ഷികളോടും നന്ദി അറിയിക്കുന്നതായി പാർലമെന്ററി പാർട്ടി യോഗത്തിൽ മോദി. ഒരു പുതിയ യാത്ര ഇവിടെ തുടങ്ങുകയാണെന്നും മോദി. മികച്ച വിജയം ഉത്തരവാദിത്വം കൂട്ടുന്നതായും മോദി കൂട്ടിച്ചേർത്തു.