ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങളെ കുറിച്ചുളള ഭൂരിഭാഗം വാര്‍ത്തകളും വ്യാജമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‍വി. രാജ്യത്ത് വര്‍ധിച്ച് വരുന്ന ആള്‍കൂട്ട ആക്രമണങ്ങളെ കുറിച്ചുളള ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം ബിഹാറില്‍ രണ്ട് ദലിത് യുവാക്കളെയും ഒരു മുസ്‌ലിം യുവാവിനെയും ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. എന്നാല്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആള്‍ക്കൂട്ട ആക്രമണമെന്ന വാദം നിഷേധിച്ചു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

1947 നുശേഷം പാക്കിസ്ഥാനിലേക്ക് കുടിയേറാത്തതിന് ഇപ്പോഴും രാജ്യത്തെ മുസ്​ലിംകൾ ശിക്ഷിക്കപ്പെടുകയാണെന്ന സമാജ്‌വാദി പാർട്ടി എംപി അസം ഖാന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നഖ്‍വി. അതേസമയം, നഖ്‍വിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല രംഗത്തെത്തി. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരായി എന്താണ് നടക്കുന്നതെന്ന് നഖ്‍വിക്ക് അറിയുമോ എന്നദ്ദേഹം ചോദിച്ചു.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ കണക്കുകള്‍ പ്രകാരം ന്യൂനപക്ഷത്തിനും ദലിത് വിഭാഗത്തിനും എതിരെയുണ്ടായ ആക്രമണങ്ങളില്‍ 43 ശതമാനം കേസുകളും ഉത്തര്‍പ്രദേശില്‍ നിന്നാണ്. ആള്‍ക്കൂട്ട ആക്രമണങ്ങളും ഇതിലുള്‍പ്പെടുന്നു. 2016 നും 2019 നും ഇടയില്‍ ന്യൂനപക്ഷ വിഭാഗത്തിനും ദലിത് വിഭാഗത്തിനും എതിരെയുള്ള ആക്രമണങ്ങള്‍ സംബന്ധിച്ച് 2008 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 869 കേസുകളും ഉത്തര്‍പ്രദേശില്‍ നിന്നുള്ളതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook