ന്യൂഡല്‍ഹി: വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ രാജ്യത്തെ ന്യൂനപക്ഷത്തെ കബളിപ്പിക്കുകയാണെന്നും പേടിയോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുകയാണെന്നും നരേന്ദ്രമോദി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു മോദിയുടെ പ്രസ്താവന.

”രാഷ്ട്രീയം മതിലുകളുണ്ടാക്കുമെന്നാണ് പറയുന്നത്. പക്ഷെ 2019 ലെ തിരഞ്ഞൈടുപ്പില്‍ ആ മതിലുകള്‍ വീണിരിക്കുകയാണ്. ജനങ്ങളെ ഒന്നിപ്പിച്ചിരിക്കുകയാണ് ഈ തിരഞ്ഞെടുപ്പ്. സാമൂഹ്യ ഐക്യത്തിലേക്കുള്ള ചുവടായിരുന്നു തിരഞ്ഞെടുപ്പ്” മോദി പറഞ്ഞു.

എന്‍.ഡി.യെയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തു. ഐക്യഖണ്ഡേനയാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞെടുത്തത്. സര്‍ക്കാര്‍ രൂപികരിക്കാനുള്ള അവകാശവാദം ഉന്നയിക്കാന്‍ രാഷ്ട്രപതിയെ കാണുന്നതിനും യോഗം നരേന്ദ്ര മോദിക്ക് നല്‍കി. നാളെയായിരിക്കും പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മോദി രാഷ്ട്രപതിയെ സമീപിക്കുക.

ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് നരേന്ദ്ര മോദിയുടെ പേര് നിര്‍ദ്ദേശിച്ചത്. രാജ്‌നാഥ് സിങ്ങും നിതിന്‍ ഗഡ്കരിയും പിന്താങ്ങുകയും ചെയ്തു. മേയ് ന് പുതിയ നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി വോട്ടര്‍മാരെ നേരില്‍ കണ്ട് നന്ദി അറിയിക്കാന്‍ മോദി വാരണാസിയിലും അമ്മയെ കാണാന്‍ ഗുജറാത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 4.79 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മോദി വാരണാസിയില്‍ നിന്ന് വിജയിച്ചത്. ജൂണ്‍ 3 ന് മുന്‍പ് 17-ാം ലോക്സഭ ചേരണം.

ലോക്സഭ തിരഞ്ഞെുപ്പിലെ വിജയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോടും ഘടകകക്ഷികളോടും നന്ദി അറിയിക്കുന്നതായി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദി. ഒരു പുതിയ യാത്ര ഇവിടെ തുടങ്ങുകയാണെന്നും മോദി. മികച്ച വിജയം ഉത്തരവാദിത്വം കൂട്ടുന്നതായും മോദി കൂട്ടിച്ചേര്‍ത്തു.

ആകെയുള്ള 543 സീറ്റുകളിലേക്ക് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ആധിപത്യത്തോടെയാണ് എന്‍ഡിഎ അധികാരം നിലനിര്‍ത്തിയത്. 350 സീറ്റുകള്‍ വിജയിച്ച എന്‍ഡിഎ മുന്നണിയില്‍ 303 സീറ്റുകളുമായി ബിജെപി ശക്തി തെളിയിച്ചു. കഴിഞ്ഞ ലോക്സഭയില്‍ 282 സീറ്റുകളായിരുന്നു ബിജെപിക്കുണ്ടായിരുന്നത്.

അതേസമയം ലോക്സഭ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജിസന്നദ്ധത അറിയിച്ചു. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് രാഹുല്‍ രാജിവെക്കുകയാണെന്ന് അറിയിച്ചത്. എന്നാല്‍ യോഗം രാഹുലിന്റെ രാജി തള്ളി. മുതിര്‍ന്ന കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയാണ് ഇക്കാര്യം അറിയിച്ചത്.

അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ യോഗം രാഹുലിനോട് ആവശ്യപ്പെടുകയായിരുന്നു. സംഘടന നേതൃത്വത്തില്‍ വലിയ അഴിച്ച് പണി നടത്താനും രാഹുലിന് പ്രവര്‍ത്തക സമിതി അനുമതി നല്‍കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook