ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൊടും ചൂടിന് ഒരു മാറ്റവുമില്ല. രാജ്യത്തിന്റെ പല ഭാഗങ്ങളിലും 46 ഡിഗ്രിയാണ് താപനില. ഉത്തർപ്രദേശിലെ ബദ്ദയിൽ ഏറ്റവും ഉയർന്ന താപനിലയായ 47.4 ഡിഗ്രി രേഖപ്പെടുത്തി. വടക്കുപടിഞ്ഞാറൻ, മധ്യ ഇന്ത്യ എന്നിവിടങ്ങളിൽ മേയ് 2 വരെയും കിഴക്കൻ ഇന്ത്യയിൽ ഏപ്രിൽ 30 വരെയും ഉഷ്ണതരംഗം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
ഹരിയാന, പഞ്ചാബ്, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ്, മഹാരാഷ്ട്രയിലെ വിദർഭ മേഖലകളിൽ ശനിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച പലയിടത്തും താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നതോടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ ആഞ്ഞടിക്കുന്ന ഉഷ്ണതരംഗം ശക്തമായിരുന്നു.
ഡൽഹിയിൽ വ്യാഴാഴ്ച 43.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 12 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ഏപ്രിൽ ദിവസമായി ഇത് രേഖപ്പെടുത്തി. കഴിഞ്ഞ ആറ് ആഴ്ചയായി ഡൽഹിയിൽ സാധാരണ താപനിലയെക്കാൾ നാല് ഡിഗ്രി കൂടൂതലാണ് രേഖപ്പെടുത്തുന്നത്.
അതേസമയം, അടുത്ത അഞ്ച് ദിവസങ്ങളിൽ വടക്കുകിഴക്കൻ ഇന്ത്യയിൽ ഇടിമിന്നലോടുകൂടിയ വ്യാപകമായ മഴയ്ക്കും (മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ) ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഏപ്രിൽ 30 ന് അരുണാചൽ പ്രദേശിലും, ഏപ്രിൽ 30 മുതൽ മേയ് 3 വരെ അസമിലും മേഘാലയയിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര എന്നിവിടങ്ങളിൽ മേയ് 3 ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.