ന്യൂഡല്‍ഹി: ബിജെപിക്കെതിരായ പോരാട്ടത്തിന് സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും ക്ഷണിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ”ബിജെപിക്ക് വോട്ട് ചെയ്താല്‍ എന്ത് സംഭവിക്കുമെന്ന് ജനങ്ങള്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. എനിക്ക് തോന്നുന്നത് നമ്മളെല്ലാവരും, തൃണമൂലും കോണ്‍ഗ്രസും സിപിഎമ്മും ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കണം. അതിനര്‍ത്ഥം രാഷ്ട്രീയമായി കൈകോര്‍ക്കണമെന്നല്ല. പക്ഷെ പൊതുവായ ഒരു വിഷയമെന്ന നിലയില്‍ ഒരുമിച്ച് നില്‍ക്കണം എന്നാണ്” മമത പറഞ്ഞു.

34 വര്‍ഷം നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച് 2011 ലാണ് മമത ബംഗാളില്‍ അധികാരത്തിലെത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ബംഗാളില്‍ കരുത്ത് കാണിച്ചിരുന്നു. 18 സീറ്റുകള്‍ ബിജെപിയും 22 സീറ്റുകള്‍ തൃണമൂലുമാണ് സംസ്ഥാനത്ത് നേടിയത്.

നേരത്തെ, പ്രതിപക്ഷത്തിനും കോണ്‍ഗ്രസിനും നേരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റാല്‍ ഇന്ത്യയും തോറ്റു എന്ന പറച്ചില്‍ രാജ്യത്തെ വോട്ടര്‍മാരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.

”തങ്ങള്‍ ജയിച്ചില്ലെങ്കില്‍ ഇന്ത്യയും ജയിക്കില്ലെന്നാണ് കോണ്‍ഗ്രസിലെ സുഹൃത്തുക്കള്‍ കരുതിയിരിക്കുന്നത്. ഇന്ത്യയും കോണ്‍ഗ്രസ് പാര്‍ട്ടിയും ഒന്നാണോ? ജനാധിപത്യത്തേയും തിരഞ്ഞെടുപ്പ് സംവിധാനത്തേയും ബഹുമാനിക്കേണ്ടത് ഉത്തരവാദിത്വമാണ്. വയനാട്ടില്‍ തോറ്റത് ഇന്ത്യയാണോ? റായ്ബറേലിയില്‍ തോറ്റത് ഇന്ത്യയാണോ? തിരുവനന്തപുരത്ത് തോറ്റത് ഇന്ത്യയാണോ? അമേഠിയില്‍ എന്താണുണ്ടായത്?” മോദി പറഞ്ഞു.

ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതികരണവും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തി. മോഷണക്കുറ്റം ആരോപിച്ച് മുസ്‌ലിം യുവാവിനെ മർദിച്ച് കൊന്ന സംഭവം തന്നെ വേദനിപ്പിച്ചെന്നും എന്നാല്‍ അതിന്റെ പേരില്‍ സംസ്ഥാനത്തെ മൊത്തം അപമാനിക്കുന്നത് ന്യായമല്ലെന്നും മോദി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook