കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജിവെക്കാമെന്ന് അറിയിച്ചിരുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. എന്നാല്‍ പാര്‍ട്ടി അത് നിഷേധിക്കുകയായിരുന്നുവെന്നും മമത പറഞ്ഞു. ജനാധിപത്യത്തെ പണം നയിക്കുന്ന കാലത്ത് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് രാജി വെക്കാന്‍ തയ്യാറായതെന്ന് മമത പറയുന്നു.

”പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ ഞാന്‍ രാജി സന്നദ്ധത അറിയിച്ചതായിരുന്നു. കസേരയെ കുറിച്ച് ഞാന്‍ ആശങ്കപ്പെടുന്നില്ല. നേരത്തേയും സ്ഥാനങ്ങളില്‍ നിന്നും രാജിവച്ചിട്ടുണ്ട്” മമത പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് മമതയുടെ വെളിപ്പെടുത്തല്‍. പാര്‍ട്ടിയും ജനങ്ങളും തനിക്ക് പ്രിയപ്പെട്ടതാണെന്നും എന്നാല്‍ ജനക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത കസേര തനിക്ക് വേണ്ടെന്നും മമത പറഞ്ഞു.

കഴിഞ്ഞ ആറ് മാസമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നേയും തന്റെ സര്‍ക്കാരിനേയും വേട്ടയാടുകയാണെന്നും മമത പറഞ്ഞു.”അടിയന്താരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് അവര്‍ സൃഷ്ടിച്ചത്. അതുകൊണ്ട് എന്റെ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല” മമത ആരോപിക്കുന്നു. ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനേയും സേനയേയും നിയന്ത്രിക്കുകയായിരുന്നുവെന്നും മമത പറഞ്ഞു.

”ഈ തിരഞ്ഞെടുപ്പിലെ പ്രശ്‌നം അക്രമമായിരുന്നു. തിരഞ്ഞെടുപ്പിനെ ഹിന്ദു-മുസ്ലീം സംഘര്‍ഷമാക്കാനുള്ള ശ്രമമുണ്ടായിരുന്നു. ഹിന്ദു വോട്ടായിരുന്നു ലക്ഷ്യം. ഈ ധ്രൂവീകരണ ആശയത്തെ ഞാന്‍ പിന്തുണയ്ക്കുന്നില്ല” മമത പറഞ്ഞു.

ബംഗാളില്‍ ബിജെപി വോട്ടിനായി പണം നല്‍കിയെന്നും മമത ആരോപിച്ചു.”ചെല്ലൂ, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിനായി ബിജെപി എത്ര പണം ചെലവാക്കിയെന്ന് കാണൂ. വോട്ടര്‍മാരെ സിആര്‍പിഎഫിനെ ഉപയോഗിച്ചും അവര്‍ ഭീഷണിപ്പെടുത്തി.ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് അവരോട് പറഞ്ഞു.ഇത് തിരഞ്ഞെടുപ്പ് ചട്ടത്തിന്റ ലംഘനമാണ്” മമത കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭ തോൽവിക്ക് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രാജിസന്നദ്ധത അറിയിച്ചിരുന്നു. കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിലാണ് രാഹുൽ രാജിവെക്കുകയാണെന്ന് അറിയിച്ചത്. എന്നാൽ യോഗം രാഹുലിന്റെ രാജി തള്ളി. മുതിർന്ന കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലയാണ് ഇക്കാര്യം അറിയിച്ചത്.

അധ്യക്ഷ സ്ഥാനത്ത് തുടരാൻ യോഗം രാഹുലിനോട് ആവശ്യപ്പെടുകയായിരുന്നു. സംഘടന നേതൃത്വത്തിൽ വലിയ അഴിച്ച് പണി നടത്താനും രാഹുലിന് പ്രവർത്തക സമിതി അനുമതി നൽകി. എൻ.ഡി.യെയുടെ പാർലമെന്ററി പാർട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തു. ഐക്യഖണ്ഡേനയാണ് പാർലമെന്ററി പാർട്ടി യോഗം നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞെടുത്തത്. സർക്കാർ രൂപികരിക്കാനുള്ള അവകാശവാദം ഉന്നയിക്കാൻ രാഷ്ട്രപതിയെ കാണുന്നതിനും യോഗം നരേന്ദ്ര മോദിക്ക് നൽകി. നാളെയായിരിക്കും പുതിയ സർക്കാർ രൂപീകരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മോദി രാഷ്ട്രപതിയെ സമീപിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook