മുംബൈ: മലേഗാവ് സ്ഫോടന കേസിലെ പ്രതികളായ പ്രഗ്യാ സിങ് ഠാക്കൂര്‍, ലെഫ്റ്റണന്റ് കേണല്‍ പ്രസാദ് പുരോഹിത്, സുധാകര്‍ ചതുര്‍വേദി എന്നിവര്‍ക്ക് കോടതയില്‍ ഹാജരാകുന്നതില്‍ ഇളവ് നല്‍കി. മുംബൈ പ്രത്യേക എന്‍ഐഎ കോടതിയാണ് പ്രതികള്‍ക്ക് ഇളവ് അനുവദിച്ചത്.
തങ്ങള്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലാണ് എന്നാണ് പ്രഗ്യാ സിങ് ഠാക്കൂറും ചതുര്‍വേദിയും കോടതിയെ അറിയിച്ചത്. എന്നാല്‍ വ്യക്തിപരമായ ബുദ്ധുമുട്ടുകളാലാണ് തനിക്ക് കോടതിയില്‍ ഹാജരാകാന്‍ സാധിക്കാത്തത് എന്നാണ് പുരോഹിത് പറഞ്ഞത്. പ്രഗ്യാ സിങ് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ചതുര്‍വേദി മിര്‍സാപൂരില്‍ നിന്നുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമാണ്.
Read More: മലേഗാവ് പ്രതികൾ ബോംബ് നിർമ്മാണ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു: ഗൗരി ലങ്കേഷ് കേസ് അന്വേഷണ സംഘം
ഈ ആഴ്ചയില്‍ കേസിലെ പ്രതികളെ ഹാജരാക്കണമെന്ന് എന്‍ഐഎക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഇവരുടെ അഭിഭാഷകര്‍ ഹാജരാകുന്നതില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇവരുടെ അപേക്ഷ സ്വീകരിച്ച് കോടതി ഇളവ് നല്‍കുകയായിരുന്നു.
Read More: ‘ഇനി വാ തുറക്കില്ല’; പ്രഗ്യ സിങ് ഠാക്കൂർ മൗനവ്രതത്തിൽ
തന്റെ അഭിഭാഷകരായ ജെ.പി മിശ്ര, പ്രശാന്ത് മഗ്ഗു എന്നിവര്‍ വഴിയാണ് പ്രഗ്യാ സിങ് അപേക്ഷ സമര്‍പ്പിച്ചത്. ലോക് സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ തനിക്ക് ചെയ്തു തീര്‍ക്കാന്‍ ചില കാര്യങ്ങള്‍ ഉണ്ടെന്നും, മെയ് 23ന് വോട്ടെണ്ണല്‍ ആയതിനാല്‍ തന്റെ കൗണ്ടിങ് ഏജെന്റിനെ നാമനിര്‍ദ്ദേശം ചെയ്യുക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ 22ഓടെ തീര്‍ക്കണമെന്നും പ്രഗ്യാ സിങ് അറിയിച്ചു. വോട്ടെണ്ണല്‍ ദിനത്തിലും തൊട്ടടുത്ത ദിവസവും താന്‍ തിരക്കിലായിരിക്കും എന്നെല്ലാം പ്രഗ്യാ സിങ് അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു.
കേസിന്റെ വിചാരണ നടക്കുന്ന സമയത്ത് ആഴ്ചയില്‍ ഒരു തവണയെങ്കിലും ഏഴ് പ്രതികകളും ഹാജരാകണമെന്നാണ് കോടതി കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോള്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ഇളവ് അനുവദിക്കാമെന്നും കോടതി അറിയിച്ചിരുന്നു.
2008 സെപ്റ്റംബർ 29 നാണ് മലേഗാവിൽ ഒരു മോട്ടോർസൈക്കിളിൽ ഘടിപ്പിച്ച രണ്ട് ബോംബ് പൊട്ടിത്തെറിച്ചത്. ഇതിൽ ഏഴ് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന അന്വേഷിച്ചുകൊണ്ടിരുന്ന മലേഗാവ് കേസ് ഏപ്രില്‍ 2011നാണ് എന്‍ ഐ എ ക്കു കൈമാറുന്നത്. 2009 സെപ്റ്റംബര്‍ 29നു മലേഗാവില്‍ ആറു പേരുടെ മരണത്തിനു കാരണമായ ബോംബ് വെച്ച രാംജി കല്‍സംഗ്ര എന്നയാള്‍ക്ക് ബൈക്ക് നല്‍കി എന്നായിരുന്നു സാധ്വിക്കെതിരായി മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ പ്രധാന ആരോപണം. കല്‍സംഗ്ര ഇപ്പോഴും ഒഴിവിലാണ്. ഇതിനു പുറമേ, മലേഗാവ് സ്ഫോടനം ആസൂത്രണം ചെയ്യുന്നതിനായി ഭോപാലില്‍ ചേര്‍ന്ന ഗൂഡാലോചനാ യോഗത്തിലും സാദ്വി പങ്കാളിയാണ് എന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന ആരോപിച്ചിരുന്നത്.