പൂനെ: മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ ചിപ്ലൂന്‍ താലൂക്കില്‍ അണക്കെട്ട് തകര്‍ന്നത് ഞണ്ടുകള്‍ കാരണമാണെന്ന് മഹാരാഷ്ട്ര ജലസേചന മന്ത്രി തനാജി സാവന്ത്. 14 പേരാണ് അണക്കെട്ട് തകര്‍ന്ന് മരിച്ചത്. ഞണ്ടുകള്‍ കൂട്ടമായി വന്ന് അണക്കെട്ടില്‍ ചോര്‍ച്ചയുണ്ടാക്കിയെന്നാണ് മന്ത്രിയുടെ വാദം.

‘മുമ്പ് അണക്കെട്ടിന് ചോര്‍ച്ച ഉണ്ടായിരുന്നില്ല. അണക്കെട്ടിന് ചുറ്റും ഞണ്ടുകള്‍ കൂട്ടമായി എത്തിയപ്പോഴാണ് ചോര്‍ച്ച ഉണ്ടായത്. പ്രദേശവാസികള്‍ സംഭവം ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് ഞങ്ങള്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. സംഭവം വളരെ നിര്‍ഭാഗ്യകരമായിപ്പോയി,’ സാവന്ത് പറഞ്ഞു. എന്നാല്‍ അണക്കെട്ടിന്റെ നിർമാണം ഗുണമേന്മയില്ലാത്തതാണെന്ന് താന്‍ അറിഞ്ഞതായും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ദിവസങ്ങളായി തുടരുന്ന അതിശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് അണക്കെട്ട് തകര്‍ന്നത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് അണക്കെട്ട് തകര്‍ന്നത്. ഏഴ് ഗ്രാമങ്ങളെങ്കിലും ഒലിച്ചു പോയിട്ടുണ്ടെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.

Read More: മുംബൈയില്‍ കനത്ത മഴ: കാറില്‍ കുടുങ്ങി രണ്ട് പേര്‍ മരിച്ചു; മരണസംഖ്യ 27 ആയി

രത്‌നഗിരി പൊലീസ് നല്‍കുന്ന വിവരം അനുസരിച്ച് ചിപ്ലൂനിലെ ഒരു നദീതീരത്തുള്ള തിവാരെ അണക്കെട്ട് ചൊവ്വാഴ്ച വൈകുന്നേരത്തിന് ശേഷം വിണ്ടും തുറന്നിരുന്നു. പ്രദേശവാസികള്‍ക്ക് അറിയിപ്പ് നല്‍കാന്‍ സാധിക്കുന്നതിന് മുമ്പേ ഒഴുക്കിന്റെ ദിശ മാറുകയും അണക്കെട്ട് നിമിഷങ്ങള്‍ക്കകം ഗ്രാമങ്ങളിലും ചെറുപ്രദേശങ്ങളിലും വെള്ളപ്പൊക്കം സൃഷ്ടിക്കുകയും ചെയ്തു.

അണക്കെട്ടിനോടു ചേര്‍ന്നുള്ള ഒരു ചെറിയ ഗ്രാമത്തില്‍ പന്ത്രണ്ട് വീടുകളെങ്കിലും ഒഴുകി പോകുകയും 22 പേരെ കാണാതാകുകയും ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തു. കാണാതായ ഗ്രാമീണരെ ലോക്കല്‍ പൊലീസ്, ജില്ലാ ദുരന്ത നിവാരണ സേന, അഗ്നിശമന സേന, പ്രാദേശിക ഗ്രാമവാസികള്‍ തുടങ്ങിയവരാണ് കണ്ടെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook