വളരെ അപ്രതീക്ഷിതമായാണു ഇഖ്റ ജീവാനിയുടെയും മുലായം സിങ് യാദവിന്റെയും പ്രണയം തുടങ്ങുന്നത്. 2019ൽ മൾട്ടിപ്ലേയർ ലുഡോ സെക്ഷനുകളുടെ ഓപ്പൺ ഗെയിം റൂമുകളിൽ കളിക്കുന്നതിനിടെയാണു പാക്കിസ്ഥാനിലെ ഹൈദരാബാദിലുള്ള ഇഖ്റയും ബെംഗളൂരുവിലെ ഹൊസൂർ-സർജാപൂർ റോഡ് ലേഔട്ടിലെ ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ മുലായവും പ്രണയത്തിലാകുന്നത്.
അകലെയിരുന്നുള്ള പ്രണയം രണ്ടുപേർക്കും മടുത്തതോടെ 2022ൽ മുലായത്തിനൊപ്പം ജീവിക്കാൻ ഇഖ്റ ഇറങ്ങിത്തിരിച്ചു. ബിരുദ വിദ്യാർഥിനിയായ നാട്ടിൽ ഇഖ്റ ട്യൂഷനെടുക്കുകയായിരുന്നു. മുലായത്തിന്റെ വിദ്യാഭ്യസ യോഗ്യതയാവട്ടെ 10-ാം ക്ലാസും.
ഇവരുടെ സ്വപ്നനതുല്യമായ പ്രണയത്തിന് ഈ വർഷം ജനുവരിയിൽ തടസങ്ങൾ നേരിടാൻ തുടങ്ങി. പാക്കിസ്ഥാനിലുള്ള മാതാപിതാക്കളുമായി ഇഖ്റ നടത്തിയ വാട്ട്‌സാപ്പ് കോളുകളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചതാണ് എല്ലാം തകിടം മറിച്ചത്. ഇന്ത്യയിൽ അനധികൃതമായി പ്രവേശിച്ചതിനും നഗരത്തിൽ താമസിക്കാനായി വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയതിനും ഇഖ്റയെ ജനുവരി 23നു ബെംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാൻ പൗരത്വമുള്ളയാൾക്ക് അഭയം നൽകിയതിനു മുലായത്തെയും അറസ്റ്റ് ചെയ്തു. ഫെബ്രുവരി 19ന് ഇഖ്റയെ ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കു കൈമാറുകയും പാക്കിസ്ഥാനിലേക്ക് നാടുകടത്തുകയും ചെയ്തു.
ഞായറാഴ്ച ഇഖ്റയെ പാക്കിസ്ഥാനിലേക്ക് നാടുകടത്തിയതായി ബെംഗളുരു ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (വൈറ്റ്ഫീൽഡ്) എസ്. ഗിരീഷ് ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് സ്ഥിരീകരിച്ചു.
“ജീവിതകാലം മുഴുവൻ ഇന്ത്യയിൽ ഭർത്താവിനൊപ്പം ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ദയവായി എന്നെ (പാക്കിസ്ഥാനിലേക്ക്) തിരിച്ചയക്കരുത്. ദയവായി അദ്ദേഹത്തോട് സംസാരിക്കാൻ എന്നെ അനുവദിക്കൂ,” പത്തൊൻപതുകാരിയായ ഇഖ്റ ബെംളൂരുവിലെ വനിതാ ഹോമിൽ കാണുന്ന എല്ലാവരോടും ഇത്തരത്തിൽ പറഞ്ഞിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായതിനുശേഷം ഒരു മാസത്തോളം ഇഖ്റയെ ഇവിടെയാണു താമസിപ്പിച്ചത്.
“അറസ്റ്റിലായശേഷം ഇഖ്‌റയുടെ ഒരേയൊരു അഭ്യർത്ഥന ഭർത്താവിനൊപ്പം ഇന്ത്യയിൽ തുടരുകയെന്നതായിരുന്നു. അവൾ അവനെ ഒരുപാട് സ്നേഹിക്കുന്നു. ഈ ദമ്പതികളോട് എനിക്ക് സഹതാപം തോന്നിയെങ്കിലും നിയമം നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥരെന്ന നിലയിൽ ഞങ്ങൾക്കു മറ്റൊന്നും ചെയ്യാൻ കഴിഞ്ഞില്ല,” ബംഗളൂരുവിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
“അവരെ ഗ്രാമത്തിലേക്കു തിരിച്ചയയ്ക്കുക, അവരിൽ ഒരാളെയല്ല, രണ്ടുപേരെയും. വിവാഹത്തിന് ആർക്കും എതിർപ്പില്ലാത്തപ്പോൾ പിന്നെ എന്താണ് പ്രശ്നം?” ബെംഗളൂരുവിൽനിന്ന് 1,500 കിലോമീറ്റർ അകലെ, ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മക്‌സുദാൻ ഗ്രാമത്തിൽ, തന്റെ പാക്കിസ്ഥാനി മരുമകളെ ഇതുവരെ കണ്ടിട്ടില്ലാത്ത അൻപത്തിയഞ്ചുകാരിയായ ശാന്തി യാദവ് ചോദിക്കുന്നു.
പ്രണയം അസ്ഥിയ്ക്കു പിടിച്ചതോടെ ഇഖ്റയെ ഇന്ത്യയിലേക്കു കൊണ്ടുവരാൻ അൽപ്പം സാഹസികമായ പദ്ധതിയാണു മുലായമൊരുക്കിയത്. 2022 സെപ്റ്റംബറിൽ, ദുബായ് വഴി കാഠ്മണ്ഡുവിലേക്ക് മുലായം ഇഖ്റയ്ക്കു വിമാനടിക്കറ്റെടുത്തു. നേപ്പാളിൽവച്ച് കണ്ടുമുട്ടിയ ഇവർ അവിടെ ഹിന്ദു ആചാരപ്രകാരം വിവാഹിതരായതായി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
പിന്നീട് ബസ് മാർഗം ഇന്ത്യയിലെത്തിയ ദമ്പതികൾ, തെക്കുകിഴക്കൻ ബെംഗളൂരുവിൽ ജുന്നസാന്ദ്രയിലെ ഒരു ക്ഷേത്രത്തിനു സമീപം വാടകയ്ക്കു താമസിച്ചു. മുലായം അവിടെ വീണ്ടും സെക്യൂരിറ്റി ഗാർഡായി ജോലി തുടർന്നു, ഇഖ്റ വീട്ടിൽതന്നെ കഴിഞ്ഞു.
ഇഖ്‌റയുടെ പൗരത്വം മറച്ചുവയ്ക്കാൻ മുലായം അവൾക്കു പുതിയ ഐഡന്റിറ്റി സൃഷ്ടിച്ചു. “അവൻ തന്റെ ആധാർ കാർഡ് ഉപയോഗിച്ച് ഇഖ്റയ്ക്കായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചു. ഫൊട്ടോ മാറ്റിയ മുലായം ഇഖ്റയുടെ പേര് റിയ യാദവ് എന്നാക്കുകയും ചെയ്തു,” പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വ്യാജ ആധാർ കാർഡ് നിർമിച്ചതായിരുന്നില്ല പ്രശ്നം. ജി 20 ഉച്ചകോടിയുടെയും എയ്‌റോ ഇന്ത്യ 2023യുടെയും പരിപാടി നടക്കുന്നതിനു മുൻപ് ഇഖ്‌റ പാക്കിസ്ഥാനിലേക്കു നടത്തിയ വാട്സാപ്പ് കോളുകളാണ് അവരിലേക്കു ശ്രദ്ധ ക്ഷണിച്ചുവരുത്തിയത്.
“ജി 20 ഉച്ചകോടിക്കും എയ്‌റോ ഇന്ത്യ 2023 നും മുന്നോടിയായി ബെംഗളൂരുവിൽ ഒരു പാക്കിസ്ഥാൻ പൗരത്വമുള്ളയാളുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചപ്പോൾ ഞങ്ങൾ ശരിക്കും ആശങ്കാകുലരായി. അന്വേഷണത്തിൽ ഇതൊരു പ്രണയകഥയല്ലാതെ മറ്റൊന്നുമല്ലെന്നു വ്യക്തമായി. സുരക്ഷാ ഭീഷണിയില്ലെന്നും ഇഖ്റ അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചുവെന്നും മാത്രം ചൂണ്ടിക്കാട്ടി ഞങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾക്കു റിപ്പോർട്ട് അയച്ചു,” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
“പാക്കിസ്ഥാനിലേക്കു നടത്തിയ കോളുകൾ കാരണമാണ് ഇഖ്റ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ ശ്രദ്ധയിൽപ്പെട്ടത്. ബെംഗളൂരുവിൽ വന്ന് മാസങ്ങൾക്കു ശേഷം വീട്ടുകാരെ വാട്സാപ്പിൽ വിളിച്ച ഇഖ്റ, ഭർത്താവ് മുലായത്തെ സമീറെന്ന മുസ്‌ലിം യുവാവായാണു പരിചയപ്പെടുത്തിയത്,” മറ്റൊരു അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഇഖ്‌റ ഹിന്ദി സംസാരിക്കുന്നതിനാൽ അതിൽ ഉറുദു കലർന്നപ്പോഴും അയൽക്കാർക്കു സംശയം തോന്നിയിരുന്നില്ല. ഇഖ്റ നന്നായി ഇംഗ്ലീഷിൽ സംസാരിക്കുകയും ചെയ്തതതായി പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ദമ്പതികൾ സന്തുഷ്ടരായിരുന്നുവെന്നും ഒരിക്കലും വഴക്കിട്ടിട്ടില്ലെന്നും അവരുടെ അയൽക്കാർ ഇന്ത്യൻ എക്‌പ്രസിനോട് പറഞ്ഞു.
മുലായം സെക്യൂരിറ്റി ജോലി ചെയ്തിരുന്നു, ഇഖ്റ വീട്ടുജോലികളിലായിരുന്നു ശ്രദ്ധിച്ചിരുന്നത്. ജനുവരിയിൽ അവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് വന്നശേഷമാണ് ഇഖ്റയുടെ പൗരത്വത്തെക്കുറിച്ച് അറിയുന്നതെന്ന് അയൽക്കാർ പറയുന്നു.
“മുലായത്തിന്റെ വിവാഹത്തെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഞങ്ങൾ ആ പെൺകുട്ടിയെ കണ്ടിട്ടില്ല, കേട്ടിട്ടുമില്ല. മുലായത്തെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണു പാക്കിസ്ഥാനിൽനിന്നുള്ള ഒരാളെ വിവാഹം കഴിച്ചതായി അറിയുന്നത്. പക്ഷേ, അവൻ ഒരു വലിയ തെറ്റ് ചെയ്തെന്ന് തോന്നുന്നില്ല. അവൻ വിവാഹം കഴിച്ചത് എല്ലാവരുടെയും സമ്മതത്തോടെയാണ്. പെൺകുട്ടിയുടെ വീട്ടുകാർക്കു വിവാഹത്തിന് സമ്മതമായിരുന്നു. ഇപ്പോൾ, ഞങ്ങൾക്കും അങ്ങനെയാണ്,” മക്‌സുദാനിലിൽ കേറ്ററിങ് നടത്തുന്ന മുലായത്തിന്റെ സഹോദരൻ രഞ്ജിത് യാദവ് (38) പറഞ്ഞു.
പ്രയാഗ്‌രാജിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ വീട്ടിലാണു കുടുംബം താമസിക്കുന്നത്. മുലായം, രഞ്ജിത്, സഹോദരൻ ജീത്‌ലാൽ, മൂന്ന് ഏക്കറിനുമുകളിലുള്ള സ്ഥലം, അവരുടെ മൂന്ന് പശുക്കൾ, ഒരു എരുമ എന്നിവയുടെ വരുമാനത്തെ ആശ്രയിച്ചാണ് ഈ കുടുംബം കഴിയുന്നത്. 5-6 വർഷം മുൻപാണ് മുലായവും ജീത്‌ലാലും ഉൾപ്പെടെ 20 യുവാക്കൾ ബെംഗുളൂവിലേക്കു ജോലിക്കായി പോയത്. മുലായം അവിടെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്നു. ഫുഡ് ഡെലിവറി ആപ്പുകൾക്കു വേണ്ടിയും ജോലി ചെയ്തിരുന്നതായും രഞ്ജിത് പറഞ്ഞു.
ഫെബ്രുവരി 13ന് മുലായം ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും തീവ്രവാദ ഭീഷണി ചൂണ്ടിക്കാട്ടി ബെംഗളൂരു കോടതി നിരസിച്ചു. മുലായം ഇഖ്‌റയെ അല്ലാതെ മറ്റാരെയെങ്കിലും പാക്കിസ്ഥാനിൽനിന്നു ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു പൊലീസ് മുലായത്തിന്റെ ഹർജിയെ എതിർത്തത്.
“മുലായം ചെയ്ത ഒരേയൊരു കുറ്റം പ്രണയിച്ചുവെന്നതാണ്. അതൊരു വലിയ പ്രശ്‌നമായി മാറുമെന്ന് അവൻ ഒരിക്കലും അറിഞ്ഞിരുന്നില്ല,” മുലായത്തിന്റെ അമ്മ ശാന്തി പറഞ്ഞു. “പ്രണയത്തിലായവർക്കു കണ്ണു കാണില്ല. അവർ എന്റെ മകനെയും മരുമകളെയും തിരിച്ചയയ്ക്കണം. അവൾ ഞങ്ങളുടെ മരുമകൾ മാത്രമല്ല, ഇപ്പോൾ ഇന്ത്യയുടെ മരുമകളുമാണ്,” ശാന്തി പറഞ്ഞു.