ന്യൂഡല്‍ഹി: ലോക് സഭ തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതിന്റെ പിന്നാലെ എന്‍ഡിഎ സഖ്യ കക്ഷികള്‍ക്ക് വിരുന്നൊരുക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ചൊവ്വാഴ്ചയാണ് അത്താഴത്തിനായി അമിത് ഷാ സഖ്യ കക്ഷികളെ ക്ഷണിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതിന്റെ തൊട്ടുപിന്നാലെയാണ് അമിത് ഷാ വിരുന്നൊരുക്കുകയും യോഗം വിളിക്കുകയും ചെയ്തിരിക്കുന്നത്. ഡല്‍ഹിയിലെ ‘ദി അശോക്’ ഹോട്ടലില്‍ വച്ചാണ് അമിത് ഷാ വിരുന്ന് നടത്തുന്നത്. അവിടെ വച്ചായിരിക്കും സഖ്യധാരണകള്‍ ചര്‍ച്ച ചെയ്യുക.

എക്‌സിറ്റ് പോളില്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും വലിയ മുന്നേറ്റമാണ് പ്രവചിച്ചിരിക്കുന്നത്. മിക്ക എക്‌സിറ്റ് പോളുകളിലും ബിജെപി നയിക്കുന്ന എന്‍ഡിഎ 300 ല്‍ പരം സീറ്റുകളും കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ 130 ഓളം സീറ്റുകളും ജയിക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 336 സീറ്റുകളായിരുന്നു നേടിയത്.

Read More: സഖ്യ ചര്‍ച്ച ശക്തമാക്കി ചന്ദ്രബാബു നായിഡു; സോണിയയും രാഹുലുമായി വീണ്ടും കൂടിക്കാഴ്ച

രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നത്. കേരളത്തില്‍ ഏപ്രില്‍ 23 നാണ് വോട്ടെടുപ്പ് നടന്നത്. മേയ് 23 ന് രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ ഫലങ്ങള്‍ അറിയാം. മോദി ജനവിധി തേടുന്ന വാരണാസിയില്‍ ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്.

അതേസമയം ബിജെപി ഇതര സര്‍ക്കാര്‍ എന്ന ലക്ഷ്യവുമായി ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഇന്ന് വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രണ്ടാം തവണയാണ് നായിഡു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുമായും കൂടിക്കാഴ്ച നടത്തി.

ദേശീയ നേതാക്കളായ അഖിലേഷ് യാദവ്, മായാവതി എന്നിവരുമായി ചന്ദ്രബാബു നായിഡു ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അദ്ദേഹം രാഹുല്‍ ഗാന്ധിയെ കണ്ടത്. ബിജെപിയെ ഭരണത്തില്‍ നിന്നും പുറത്താക്കാനുള്ള ബിജെപി വിരുദ്ധ മുന്നണിയെ കുറിച്ച് രാഹുലും നായിഡുവും ചര്‍ച്ച ചെയ്തു. സിപിഐ നേതാക്കളായ സുധാകര്‍ റെഡ്ഢിയേയും ഡി രാജയേയും നായിഡു കണ്ടു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായും കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ചന്ദ്രബാബു നായിഡു എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവുമായും ബിഎസ്പി അധ്യക്ഷ മായാവതിയുമായും കൂടിക്കാഴ്ച നടത്തിയത്.

രാഹുല്‍ ഗാന്ധിയുമായി ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചയില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നാല്‍ എടുക്കേണ്ട തന്ത്രങ്ങള്‍ അദ്ദേഹം ചര്‍ച്ച ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ചന്ദ്രബാബു നായിഡുവിന്റെ കൂടിക്കാഴ്ചകള്‍. ബിജെപിക്കെതിരെ നില്‍ക്കുന്ന ഏതൊരു പാര്‍ട്ടിയേയും മഹാസഖ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നായിഡു വെളളിയാഴ്ച്ച എഎപി നേതാവ് അരവിന്ദ് കേജ്രിവാളിനെ കണ്ടിരുന്നു. സിപിഎം നേതാവ് സീതാറാം യെച്ചൂരിയേയും അദ്ദേഹം കണ്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook