കൊൽക്കത്ത: കൊൽക്കത്ത മോഡലും നടിയുമായ യുവതിക്കെതിരെ അതിക്രമം. രാത്രിയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് ഒരു സംഘം ആൺകുട്ടികൾ ചേർന്ന് മോഡലിനെ ആക്രമിക്കാൻ ശ്രമിച്ചത്.

ജവഹർലാൽ റോഡിനു സമീപത്തുവച്ചാണ് അജ്ഞാത സംഘം മോഡലിനു നേരെ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി 11.40 ഓടെയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തിന് ഇരയായ മോഡൽ നൽകിയ വീഡിയോ ദൃശ്യത്തിന്റെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്.

”രാത്രി ജോലി കഴിഞ്ഞ് ടാക്സിയിൽ സുഹൃത്തിനൊപ്പം വീട്ടിലേക്കു മടങ്ങുകയായിരുന്നു. ഹെൽമെറ്റ് ധരിക്കാതെ ബൈക്കിലെത്തിയ ആൺകുട്ടികൾ ജവഹർലാൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ ഞങ്ങൾ സഞ്ചരിച്ചിരുന്ന ടാക്സിയിൽ ഇടിച്ചു. ഏകദേശം 15 ഓളം ആൺകുട്ടികൾ ഈ സമയം എവിടെനിന്നോ ഞങ്ങളുടെ അടുത്തേക്ക് എത്തി. ഡ്രൈവറെ പുറത്തേക്ക് വലിച്ചിറക്കി മർദിക്കാൻ തുടങ്ങി. ഇതുകണ്ടപ്പോൾ ഞാൻ പുറത്തേക്കിറങ്ങി ഉച്ചത്തിൽ ബഹളം വച്ചു. പൊലീസിനെ വിളിക്കുകയും മർദിക്കുന്നതിന്റെ വീഡിയോ ഷൂട്ട് ചെയ്യുകയും ചെയ്തു,” മോഡൽ പറഞ്ഞു.

പലതവണ അഭ്യർഥിച്ചിട്ടും സമീപത്തുളള പൊലീസ് സ്റ്റേഷനിൽനിന്നും ആരും സഹായത്തിന് എത്തിയില്ലെന്നും മോഡൽ പറഞ്ഞു. ”വളരെ വൈകിയാണ് മെയ്ഡൻ പൊലീസ് സ്റ്റേഷനിലെ ഓഫീസർമാർ എത്തിയത്. ആൺകുട്ടികളെ പിടിച്ചുമാറ്റുക മാത്രമാണ് അവർ ചെയ്തത്. അപ്പോഴേക്കും അവർ അവിടെനിന്നും ഓടി രക്ഷപ്പെടുകയും ചെയ്തു. അതിനുശേഷം മൂന്നു ബൈക്കുകളിലായി ആറു ആൺകുട്ടികൾ തന്റെ ടാക്സിയെ പിന്തുടർന്നു,” മോഡൽ വ്യക്തമാക്കി.

”സൗത്ത് കൊൽക്കത്തയ്ക്കു സമീപംവച്ച് അവർ ടാക്സി തടഞ്ഞുനിർത്തി. കല്ലുകൾ എറിഞ്ഞു, എന്നെ വലിച്ച് പുറത്തേക്കിറക്കി, എന്റെ ഫോണിലെ വീഡിയോ ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചു. എന്റെ സുഹൃത്ത് ഭയംകൊണ്ട് പുറത്തേക്ക് ചാടി ഇറങ്ങി, അപ്പോഴേക്കും സമീപത്തുളള ആരുടെയെങ്കിലും സഹായം ലഭിക്കാനായി ഞാൻ അലറി വിളിച്ചു. അക്രമികൾ ഓടി രക്ഷപ്പെട്ടപ്പോൾ ഞാൻ അച്ഛനെയും സഹോദരിയെയും സഹായത്തിനായി വിളിച്ചു,” മോഡൽ പറഞ്ഞു.

പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ പരാതി സ്വീകരിക്കാൻ വിസമ്മതിച്ചതായും മറ്റേതെങ്കിലും പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ ആവശ്യപ്പെട്ടതായും മോഡൽ ആരോപിച്ചു. ഞാൻ ഒരുപാട് സമയം സംസാരിച്ചശേഷമാണ് പൊലീസ് ഓഫീസർ എന്റെ പരാതി സ്വീകരിക്കാൻ തയ്യാറായത്. പക്ഷേ ഡ്രൈവർ നൽകിയ പരാതി സ്വീകരിച്ചില്ലെന്നും മോഡൽ പറഞ്ഞു.

ഇന്നലെയാണ് സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും കൊൽക്കത്ത പൊലീസ് ട്വീറ്റ് ചെയ്തത്. അറസ്റ്റിലായവരിൽ ചിലർ പ്രദേശവാസികളാണെന്നും ട്രാഫിക് നിയമം ലംഘിച്ചതിന് പലതവണ ഇവരെ പിടികൂടിയിട്ടുണ്ടെന്നും ഒരു സീനിയർ പൊലീസ് ഓഫീസർ പറഞ്ഞു. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്താൽ മറ്റുളളവരെയും ഉടൻ പിടികൂടാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook