ബെംഗളൂരു: ഇന്ന് വൈകിട്ട് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്നാണ് കര്‍ണാടക നിയമസഭാ സ്പീക്കര്‍ കെ.ആർ.രമേഷ് കുമാർ വ്യക്തമാക്കിയത്. ഇന്നലെ വിശ്വാസ വോട്ടെടുപ്പിൽ ചർച്ച പൂർത്തിയായില്ല. രാത്രി 11 മണിയോടെ തിങ്കളാഴ്ചത്തേക്കു സഭ പിരിഞ്ഞതായി സ്പീക്കർ കെ.ആർ.രമേഷ് കുമാർ അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ പത്തിന് സഭ വീണ്ടും ചേര്‍ന്നു. ചൊവ്വാഴ്ച വൈകിട്ട് ആറിനു മുന്‍പ് വോട്ടെടുപ്പ് പൂർത്തിയാക്കുമെന്നും സ്പീക്കർ ഉറപ്പുനൽകി. നേരത്തെ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടേതായി രാജിക്കത്ത് പുറത്തുവന്നിരുന്നെങ്കിലും ഇത് വ്യാജമാണെന്ന് അദ്ദേഹം തന്നെ സഭയിൽ വ്യക്തമാക്കിയിരുന്നു.
തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം പരമാവധി ശ്രമിച്ചു. ഇതില്‍ ഇന്നലെ വിജയിക്കുകയും ചെയ്തു. എന്നാല്‍ വിമത എംഎല്‍എമാര്‍ അടുക്കാത്ത സാഹചര്യത്തില്‍ ഈ നീട്ടിക്കൊണ്ടു പോവല് എത്ര നേരത്തേക്കാണെന്നത് ചോദ്യമായി ഉയരുന്നു.
ഇന്നലെ രാത്രി 10.30ഓടെ അത്താഴത്തിന് വേണ്ടി സഭ പിരിച്ചുവിടണമെന്നും ഇതിന് ശേഷം വീണ്ടും സഭ ചേരണമെന്നും ബിജെപി അധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പ ആവശ്യപ്പെട്ടു. ‘ബഹുമാനപ്പെട്ട സ്പീക്കര്‍ ഞങ്ങള്‍ക്ക് അത്താഴം കഴിക്കാനായി സഭ പിരിച്ചുവിടണം. എന്നിട്ട് വീണ്ടും ചേരണം. ഇന്ന് (തിങ്കളാഴ്ച) തന്നെ വിശ്വാസവോട്ടെടുപ്പ് നടക്കണം. അർധരാത്രി 12 മണി വരെയും കാത്തിരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്,’ യെഡിയൂരപ്പ പറഞ്ഞു.
അതേസമയം എങ്ങനെയെങ്കിലും വിശ്വാസ വോട്ടെടുപ്പ് വൈകിപ്പിക്കാന്‍ നോക്കുന്ന കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ചാടി വീണു, ‘തീര്‍ച്ചയായും സഭ പിരിച്ചുവിടണം. എന്നിട്ട് നമുക്ക് അത്താഴം കഴിച്ച് വീട്ടിലേക്ക് പോവാം. ഞങ്ങള്‍ക്ക് നല്ല വിശപ്പുണ്ട്,’ സഖ്യ സര്‍ക്കാരിന്റെ എംഎല്‍എമാര്‍ പറഞ്ഞു.
വിശപ്പ് അടക്കാനായി നിയമസഭയിലേക്ക് അണ്ടിപ്പരിപ്പുമായാണ് യെഡിയൂരപ്പ വന്നത്. ഇടയ്ക്കിടയ്ക്ക് അദ്ദേഹം ഇത് കഴിക്കുന്നുണ്ടായിരുന്നു. ചോക്ലേറ്റും അദ്ദേഹം എടുത്തിരുന്നു. ബാക്കിയുളള ചോക്ലേറ്റുകള്‍ അദ്ദേഹം നിയമസഭയില്‍ വിതരണം ചെയ്തു. ചൊവ്വാഴ്ച വോട്ടെടുപ്പ് നടത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ സഭയിൽ പറഞ്ഞു. ചില കോണ്‍ഗ്രസ് അംഗങ്ങൾക്കുകൂടി സംസാരിക്കാനുണ്ടെന്നും ചൊവ്വാഴ്ച വൈകിട്ട് നാലോടെ ചർച്ച അവസാനിപ്പിച്ച് വോട്ടെടുപ്പിലേക്കു കടക്കാമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിമത എംഎൽഎമാർക്ക് ചൊവ്വാഴ്ച 11 വരെ സഭയിൽ ഹാജരാകാൻ സ്പീക്കർ സമയം അനുവദിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ പറഞ്ഞു. വിമതരെ അയോഗ്യരാക്കില്ലെന്നാണ് ബിജെപി വിശ്വസിപ്പിച്ചിരിക്കുന്നതെന്നും ഭരണഘടന അനുസരിച്ച് സ്പീക്കർ അയോഗ്യത കൽപ്പിച്ചുകഴിഞ്ഞാൽ അംഗമായിരിക്കാൻ കഴിയില്ലെന്നും ശിവകുമാർ വ്യക്തമാക്കി.
കർണാടകയിൽ എത്രയും വേഗം വിശ്വാസ വോട്ടെടുപ്പു നടത്തണമെന്ന വിമത എംഎൽഎമാരുടെ ഹർജിയിൽ കോണ്‍ഗ്രസും സ്പീക്കറും കക്ഷിചേരും. ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കുന്നുണ്ട്. വിമതരുടെ വിപ്പിൽ വ്യക്തത തേടിയാണ് സ്പീക്കറും കോണ്‍ഗ്രസും കക്ഷിചേരുന്നത്. സ്പീക്കർക്കു വേണ്ടി കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വിയും കോണ്‍ഗ്രസിനു വേണ്ടി മുതിർന്ന നേതാവ് കപിൽ സിബലും ഹാജരാകും.
കർണാടകയിലെ എച്ച്.ഡി.കുമാരസ്വാമി സർക്കാർ ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുകയാണെന്നും സർക്കാരിനെ രക്ഷപെടുത്താനായി സ്പീക്കർ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത് നീട്ടുകയാണെന്നുമാണ് എംഎൽഎമാരുടെ ആരോപണം.