ബെംഗളൂരു: മുംബൈയിലെ ഹോട്ടലുകളിൽ കഴിയുന്ന 15 വിമത എംഎൽഎമാർ കര്‍ണാടക നിയമസഭയില്‍ ഇന്ന് എത്തും. താജ് വിവന്ത ഹോട്ടലില്‍ കഴിയുന്ന മറ്റ് കോണ്‍ഗ്രസ് എംഎല്‍എമാരും വിദാന്‍ സൗദയിലേക്ക് ബസില്‍ യാത്ര പുറപ്പെട്ടു. ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ബിജെപിയുടെ ആവശ്യം. ബിജെപി എംഎല്‍എമാര്‍ നേരത്തെ തന്നെ വിദാന്‍ സൗധയിലെത്തി. ഇവര്‍ സ്പീക്കറെ കണ്ട് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് അപേക്ഷിച്ചു.
തങ്ങൾക്ക് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് 15 വിമത എംഎല്‍എമാരും വീണ്ടും മുംബൈ പൊലീസിനെ സമീപിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കളിൽ നിന്നും വലിയ തോതിലുള്ള ഭീഷണി നേരിടുന്നുവെന്നും തങ്ങൾക്ക് സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് ഇന്നാണ് കത്ത് നൽകിയത്.
കോൺഗ്രസ് ജനറൽ സെക്രട്ടറി മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാവ് ഗുലാം നബി ആസാദ്, കർണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വര തുടങ്ങിയവർ ഇന്ന് ഹോട്ടലിലെത്തി വിമതരുമായി ചർച്ച നടത്താനിരിക്കെയാണ് നിർണായക നീക്കം. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ ഒരു രാഷ്ട്രീയക്കാരെയും കാണാൻ തങ്ങൾ തയ്യാറല്ലെന്നും ഇവർ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച് ഇവർ സുപ്രീം കോടതിയെ സമീപിക്കുമെന്നും വിവരമുണ്ട്.
Read More: കര്‍ണാടക: സ്പീക്കര്‍ക്കെതിരെ അഞ്ച് വിമത എംഎല്‍എമാര്‍ കൂടി സുപ്രീം കോടതിയില്‍
അതേസമയം, രാജി പിൻവലിച്ച് തിരികെയെത്തുമെന്ന് സൂചന നൽകിയിരുന്ന എം.ടി.ബി.നാഗരാജ് കൂടി ഇന്നലെ മുംബയ്ക്ക് പോയതോടെ കോൺഗ്രസിന്റെ നില കൂടുതൽ പരുങ്ങലിലായി. നിയമസഭയിൽ വിശ്വാസവോട്ട് ജയിക്കാമെന്ന കുമാരസ്വാമി സർക്കാരിന്റെ പ്രതീക്ഷ ഇതോടെ വീണ്ടും ത്രിശങ്കുവിലായി. വിമത കോൺഗ്രസ് – ജെഡിഎസ് എംഎൽഎമാരുടെ രാജി സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സ്‌പീക്കർക്ക് സുപ്രീം കോടതി അനുവദിച്ച സമയം നാളെ അവസാനിക്കാനിരിക്കെയാണ് വിമതരുടെ നിർണായക നീക്കം.
അതിനിടെ, തങ്ങളുടെ രാജി സ്പീക്കർ സ്വീകരിക്കാതിരിക്കുന്നതിന് എതിരെ 15 എംഎൽഎമാർ സമർപ്പിച്ച ഹർജി ചൊവ്വാഴ്ച കോടതി പരിഗണിക്കും. രാജി സ്വീകരിക്കുന്നതിലും, എംഎൽഎമാർക്ക് അയോഗ്യത കൽപിക്കുന്നതിലും നാളെ വരെ തീരുമാനമെടുക്കരുതെന്നും, അതുവരെ തത്‌സ്ഥിതി തുടരാനുമാണ് വെള്ളിയാഴ്ച സുപ്രീം കോടതി നിർദേശിച്ചത്.