ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദു ആയിരുന്നെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്റെ പരാമർശത്തിനെതിരെ തമിഴ്നാട് മന്ത്രി. കമൽഹാസന്റെ നാക്കരിയണമെന്ന് തമിഴ്നാട് മന്ത്രിയായ കെ.ടി രാജേന്ദ്ര ബാലാജി പറഞ്ഞു.

വിവാദ പരാമർശം നടത്തിയ കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യത്തിന് വിലക്കേർപ്പെടുത്തണമെന്നും കെ.ടി രാജേന്ദ്ര ബാലാജി ആവശ്യപ്പെടുന്നു. കമൽഹാസനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് തമിഴ്നാട് മന്ത്രി.

“അയാളുടെ നാക്കരിയണം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദു ആയിരുന്നെന്ന് അയാൾ പറയുന്നു. തീവ്രവാദത്തിന് മതമില്ല. ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ മുസ്ലിമെന്നുമില്ല. അയാൾ അഭിനയിക്കുകയാണ്. ന്യൂനപക്ഷ വോട്ടുകളിൽ നോട്ടംവച്ചുകൊണ്ടാണ് ഇത്തരം പരാമർശങ്ങൾ” തമിഴ്നാട് സർക്കാരിൽ ക്ഷീരവകുപ്പ് കൈകാര്യം ചെയ്യുന്ന കെ.ടി രാജേന്ദ്ര ബാലാജി പറഞ്ഞു.

1948ല്‍ മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെയെ പരാമര്‍ശിച്ചായിരുന്നു കമൽഹാസന്റെ വാക്കുകള്‍. തമിഴ്നാട്ടിലെ അരുവാകുച്ചിയില്‍ തിരഞ്ഞെടുപ്പ് ക്യാംപെയിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദു, പേര് ഗോഡ്സെ: കമല്‍ഹാസന്‍

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യയുടെ ഡാഡി എന്ന് വിളിച്ച് വാർത്തകളിൽ ഇടം നേടിയ വ്യക്തിയാണ് എഐഎഡിഎംകെ മന്ത്രി കെ ടി രാജേന്ദ്ര ബാലാജി. ജയലളിതയുടെ മരണശേഷം എഐഎഡിഎംകെയെ നയിച്ചത് മോദിയാണെന്നും ബാലാജി പാർട്ടി സമ്മേളനത്തിൽ പറഞ്ഞിരുന്നു.

“തീർച്ചയായും മോദിയാണ് നമ്മുടെ ഡാഡി. അമ്മ പോയതിന് ശേഷം ഡാഡിയെപ്പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി നമ്മെ നയിക്കാനും പിന്തുണക്കാനും മുന്നോട്ടുവന്നു. എഐഎഡിഎംകെയുടെ മാത്രമല്ല, രാജ്യത്തിന്റെ മുഴുവൻ ഡാഡി ആണ് അദ്ദേഹം” എന്നായിരുന്നു രജേന്ദ്ര ബാലജിയുടെ അന്നത്തെ പ്രസ്താവന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook