ബെംഗളൂരു: കർണാടക പൊലീസിൽ ‘സിംഹം’ എന്ന പേരിൽ അറിയപ്പെടുന്ന ഡെപ്യൂട്ടി കമ്മീഷ്ണർ ഓഫ് പൊലീസ് (ബെംഗളൂരു സൗത്ത്) കെ.അണ്ണാമലൈ ഇന്ത്യൻ പൊലീസ് സർവീസിൽനിന്നും രാജിവച്ചു. ആഭ്യന്തര മന്ത്രി എം.ബി.പാട്ടീലിനൊപ്പം എത്തിയാണ് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയെ താൻ രാജിവയ്ക്കുന്ന വിവരം അണ്ണാമലൈ അറിയിച്ചത്. തന്റെ ചുമതലകൾ നിർവഹിക്കാൻ അവസരം നൽകിയ മുഖ്യമന്ത്രിക്ക് അദ്ദേഹം നന്ദി പറഞ്ഞു. അണ്ണാമലൈയ്ക്ക് എല്ലാവിധ ഭാവുകങ്ങളും മുഖ്യമന്ത്രി നേർന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താനവയിൽ അറിയിച്ചു.
തന്റെ സേവനം സംസ്ഥാനത്തിന് ആവശ്യമാണെന്നും തീരുമാനം ഒരിക്കൽക്കൂടി പുനരാലോചിക്കാൻ മുഖ്യമന്ത്രി പറഞ്ഞതായും മാധ്യമങ്ങളോട് സംസാരിക്കവേ അണ്ണാമലൈ പറഞ്ഞു. എന്റെ തീരുമാനത്തിൽ ഇനി മാറ്റമുണ്ടാകില്ലെന്ന് അറിയിച്ചപ്പോഴാണ് മുഖ്യമന്ത്രി മുന്നോട്ടുളള ജീവിതത്തിന് എല്ലാവിധ ഭാവുകങ്ങളും നേർന്നതെന്ന് അണ്ണാമലൈ പറഞ്ഞു. യാതൊരു വിധ രാഷ്ട്രീയ സമ്മർദത്തെയും തുടർന്നല്ല താൻ ജോലി രാജിവച്ചതെന്നും അണ്ണാമലൈ വ്യക്തമാക്കി.
എന്റെ ഡ്യൂട്ടി തടസപ്പെടുത്താൻ ആരും ശ്രമിച്ചിട്ടില്ലെന്നും തനിക്ക് പൂർണ സ്വാതന്ത്ര്യം മുഖ്യമന്ത്രി കുമാാരസ്വാമിയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും അടക്കമുളളവർ നൽകിയിരുന്നുവെന്നും അണ്ണാമലൈ പറഞ്ഞു. ”സംസ്ഥാനത്തെ മുഴുവൻ പേരും എനിക്ക് ബഹുമാനം നൽകി. എനിക്ക് കുറച്ചു ദിവസം കൂടി പ്രവർത്തിക്കാൻ കഴിയുമായിരിക്കും. പക്ഷേ ചില തീരുമാനങ്ങൾ നമുക്ക് എടുക്കേണ്ടി വരും. എല്ലാവരോടും ഞാൻ നന്ദി പറയുന്നു,” അണ്ണാമലൈ പറഞ്ഞു.
കർണാടക പൊലീസിലെ സത്യസന്ധനും ധീരനുമായ പൊലീസ് ഓഫീസറായിട്ടാണ് അണ്ണാമലൈ അറിയപ്പെടുന്നത്. ”സർവ്വീസിൽ 10 വർഷം പൂർത്തിയാക്കി. ഇനി സാമൂഹിക സേവനം ചെയ്യണം. സമൂഹത്തിനായി എന്താണ് എന്നെക്കൊണ്ട് ചെയ്യാനാവുക എന്നു ചിന്തിച്ച് തീരുമാനമെടുക്കും. അതിന് 3-4 മാസത്തെ സമയം വേണം. ഈ സമയത്തിനുളളിൽ ഞാനോലിച്ച് ഒരു തീരുമാനമെടുക്കും,” അണ്ണാമലൈ പറഞ്ഞു.
രാഷ്ട്രീയത്തിലേക്ക് കടക്കുമോ എന്ന ചോദ്യത്തിന് അതിനെക്കുറിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും ഒരു രാഷ്ട്രീയ പാർട്ടിയുമായോ രാഷ്ട്രീയ നേതാക്കളുമായോ ചർച്ച നടത്തിയിട്ടില്ലെന്നുമായിരുന്നു അണ്ണാമലൈയുടെ മറുപടി. ഇപ്പോൾ എനിക്ക് വേണ്ടത് 3-4 മാസത്തെ ബ്രേക്ക് ആണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ചില മുതിർന്ന ആർഎസ്എസ് നേതാക്കളുമായി അണ്ണാമലൈ കൂടിക്കാഴ്ച നടത്തിയതായി മാധ്യമ റിപ്പോർട്ടുകളുണ്ട്.
2011 ലെ ഐപിഎസ് ബാച്ചിലെ ഓഫീസറാണ് അണ്ണാമലൈ. തമിഴ്നാട്ടിലെ കാരൂർ ആണ് സ്വദേശം. 2013 ൽ കർകല സബ് ഡിവിഷനിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസായിട്ടായിരുന്നു കരിയർ തുടക്കം. ഉഡുപ്പി, ചിക്കമംഗളൂരു ജില്ലകളിൽ എസ്‌പിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഉഡുപ്പിയിൽനിന്നും അണ്ണാമലൈയെ സ്ഥലം മാറ്റിയപ്പോൾ ജനങ്ങൾ പ്രതിഷേധിച്ചത് വാർത്തയായിരുന്നു.