ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോഷണക്കുറ്റം ആരോപിച്ച് മുസ്‌ലിം യുവാവിനെ മർദിച്ച് കൊന്ന സംഭവം തന്നെ വേദനിപ്പിച്ചെന്നും എന്നാല്‍ അതിന്റെ പേരില്‍ സംസ്ഥാനത്തെ മൊത്തം അപമാനിക്കുന്നത് ന്യായമല്ലെന്നും മോദി പറഞ്ഞു.

”ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതകം എന്ന വേദനിപ്പിച്ചു. മറ്റുള്ളവരേയും വേദനിപ്പിച്ചു. പക്ഷെ രാജ്യസഭയിലെ ചിലര്‍ പറയുന്നത് ജാര്‍ഖണ്ഡ് ആള്‍ക്കൂട്ട കൊലപാതകത്തിന്റെ കേന്ദ്രമാണെന്നാണ്. ഇത് ന്യായമാണോ? എന്തിനാണ് ഒരു സംസ്ഥാനത്തെ അപമാനിക്കുന്നത്. ഒരു സംസ്ഥാനത്തെ അപമാനിക്കാനുള്ള അവകാശം നമ്മുക്കാര്‍ക്കും ഇല്ല” രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ജാര്‍ഖണ്ഡിലായാലും പശ്ചിമ ബംഗാളിലായാലും കേരളത്തിലായാലും ആക്രമണ സംഭവങ്ങളെ ഒരുപോലെ കാണമെന്നും ഈ വിഷയത്തില്‍ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടാണെന്നും മോദി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം തബ്രെസ് അന്‍സാരി എന്ന മുസ്‌ലിം യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ചു കൊന്നത്. ജയ് ശ്രീറാം, ജയ് ഹനുമാന്‍ എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടായിരുന്നു യുവാവിനെ മണിക്കൂറുകളോളം കെട്ടിയിട്ട് മർദിച്ചത്. സംഭവത്തിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook