ലക്നൗ: വിദ്യാര്‍ത്ഥികള്‍ക്ക് തെറ്റായ രീതിയില്‍ വാക്കുകള്‍ പഠിപ്പിച്ച് കൊടുക്കുന്ന ബിജെപി നേതാവും മുന്‍ നടിയുമായ ജയപ്രദയുടെ വീഡിയോ പുറത്ത്. ജൂലൈ 1ന് ഉത്തര്‍പ്രദേശിലെ രാംപൂരിലുളള ഒരു സ്കൂളിലാണ് ജയപ്രദ എത്തിയത്. സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങളും പഠനനിലവാരവും വിലയിരുത്താനായിരുന്നു ബിജെപി നേതാവ് വന്നത്. എന്നാല്‍ ജയപ്രദയുടെ സന്ദര്‍ശനം കുട്ടികള്‍ക്ക് വേണ്ട രീതിയില്‍ ഉപകാരപ്പെട്ടില്ല എന്നാണ് പുറത്തുവന്ന വീഡിയോ തെളിയിക്കുന്നത്.

ഹിന്ദി ടെലിവിഷന്‍ ചാനലായ എബിപി ന്യൂസ് പുറത്തുവിട്ട വീഡിയോയില്‍ സ്കൂള്‍ കുട്ടികളോടൊത്ത് സംവദിക്കുന്ന ജയപ്രദയെ കാണാന്‍ കഴിയും. ‘ഇന്ത്യ എന്റെ രാജ്യമാണ് (India is my country) എന്നാണ് ജയപ്രദ ബോര്‍ഡില്‍ എഴുതുന്നത്. എന്നാല്‍ Country എന്ന വാക്കിലെ ‘U’ എന്ന അക്ഷരം ജയപ്രദ എഴുതാന്‍ വിട്ടു പോയി. ‘Contry’ എന്നാണ് ജയപ്രദ എഴുതിയിരിക്കുന്നത്.

ജയപ്രദയെ അനുഗമിച്ച മറ്റ് ആളുകളോ അധ്യാപകരോ ഈ തെറ്റ് ചൂണ്ടിക്കാണിച്ചുമില്ല. വിദ്യാഭ്യാസരംഗത്തെ പുരോഗമനത്തിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ പ്രചരണത്തിന്റെ ഭാഗമായാണ് ജയപ്രദ സ്കൂളിലെത്തിയത്. യുപിയിലെ മറ്റ് സ്കൂളുകളും എംപി സന്ദര്‍ശിച്ചിരുന്നു. മെയ് മാസം നടന്ന ലോക്ഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി മത്സരിച്ച ജയപ്രദ സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാനോട് മത്സരിച്ച് തോറ്റിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook