ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസുകാരന് അന്തിമോപചാരം അർപ്പിക്കുന്ന ചടങ്ങിൽ അറിയാതെ വിതുമ്പിപ്പോയ സീനിയർ പൊലീസ് ഓഫീസറുടെ ഫോട്ടോ സോഷ്യൽ മീഡിയയുടെയും വേദനയായി. ജൂൺ 12 നുണ്ടായ ഭീകരാക്രമണത്തിൽ പരുക്കേറ്റ അർഷാദ് ഖാൻ ഞായറാഴ്ച ഡൽഹിയിലെ എയിംസ് ആശുപത്രിയിൽവച്ചാണ് മരണമടഞ്ഞത്. ആക്രമണത്തിൽ 5 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.

അർഷാദിന് അന്തിമോപചാരം അർപ്പിക്കുന്നതിനിടെയാണ് ശ്രീനഗറിലെ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് ഹസീബ് മുഗൾ വിതുമ്പിയത്. അർഷാദിന്റെ മകനെയും കൈയ്യിലെടുത്തായിരുന്നു ഹസീബ് മുഗൾ സഹപ്രവർത്തകന് അന്തിമോപചാരം നൽകാനെത്തിയത്. അർഷാദിന്റെ ശവപേടകത്തിൽ പൂക്കൾവച്ചശേഷം അവസാന സല്യൂട്ടും നൽകി മടങ്ങിപ്പോകവെ ഹസീബ് മുഗളിന് സങ്കടം സഹിക്കാനായില്ല, കരച്ചിലിന്റെ വക്കിലെത്തിയ ഹസീബ് കടിച്ചമർത്തി നടന്നുനീങ്ങി. ജമ്മു കശ്മീർ പൊലീസാണ് ഈ ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്.

സബ് ഇൻസ്പെക്ടറായി 2002 ലാണ് അർഷാദ് ഖാൻ പൊലീസ് സർവീസിൽ ചേരുന്നത്. അടുത്തിടെയാണ് അനന്ത്നാഗിലെ സാദർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ആയി നിയമനം ലഭിച്ചത്. ശ്രീനഗർ സ്വദേശിയായ അർഷാദിന് ഭാര്യയും അഞ്ചും രണ്ടും വയസുളള രണ്ടു ആൺകുട്ടികളുമുണ്ട്.

ജൂൺ 12 ന് തെക്കൻ കശ്മീരിലെ തിരക്കേറിയ റോഡിൽവച്ചാണ് ഭീകരർ 5 സിആർപിഎഫ് ജവാന്മാരെ വെടിവച്ചു കൊന്നത്. ആക്രമണ വിവരം ലഭിച്ച ഉടൻ തന്നെ ഖാന്റെ നേതൃത്വത്തിലുളള സേനയും ട്വിക് റിയാക്ഷൻ ടീമും (QRT) സ്ഥലത്തെത്തി. ഭീകരർ വെടിവച്ചതിനു പുറമേ സൈന്യത്തിനുനേരെ ഗ്രനേഡ് ആക്രമണവും നടത്തി. പക്ഷേ ഖാന്റെ നേതൃത്വത്തിലുളള സംഘം തിരിച്ചടിക്കുകയും രണ്ടു ഭീകരരിൽ ഒരാളെ കൊലപ്പെടുത്തുകയും ചെയ്തു. ആക്രമണത്തിൽ പരുക്കേറ്റ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ദിവസങ്ങൾ മാത്രമേ ജീവൻ നിലനിർത്താനായുളളൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook