ശ്രീനഗർ: ജമ്മു കശ്മീർ പൊലീസിലെ കോൺസ്റ്റബിളിനെ ഭീകരർ വെടിവച്ചു കൊന്നു. ഇന്നു പുലർച്ചെ ഗഡ്റൂവിലെ അദ്ദേഹത്തെ വീട്ടിൽവച്ചാണ് ഭീകരർ കൊന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ താഴ്വരയിൽ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്.
റിയാസ് അഹമ്മദ് തോക്കർ എന്നയാളാണ് വെടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ചദൂരയിലെ തഹസിൽദാർ ഓഫീസിൽ ജോലി ചെയ്തിരുന്ന കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ട് ഓഫീസ് വളപ്പിൽ വച്ച് കൊല്ലപ്പെട്ടിരുന്നു. ഓഫിസിൽ എത്തിയ ഭീകരർ ഭട്ടിനുനേരെ വെടിവയ്ക്കുകയായിരുന്നു. 45 കാരനായ ഇദ്ദേഹത്തെ ഉടൻ ശ്രീനഗറിലെ ശ്രീ മഹാരാജ ഹരി സിങ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കശ്മീരി പണ്ഡിറ്റ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ജമ്മു കശ്മീരിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. തങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണെന്ന് ആവശ്യപ്പെട്ട് കശ്മീരി പണ്ഡിറ്റുകൾ ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധയോഗങ്ങളു പ്രകടനങ്ങളും സംഘടിപ്പിച്ചു. പ്രതിഷേധക്കാർ റോഡുകൾ ഉപരോധിക്കുകയും കേന്ദ്രസർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
“ഇത്തരമൊരു കൊലപാതകം ആദ്യമല്ല (ഭട്ടിന്റെ മരണത്തെ പരാമർശിച്ച്). ഞങ്ങളുടെ സുരക്ഷയെക്കുറിച്ച് സർക്കാർ നിരവധി അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ട്. അവരുടെ എല്ലാ ഉറപ്പുകളും പരാജയപ്പെട്ടു. ആറ് മാസത്തിനുള്ളിൽ മറ്റൊരു കൊലപാതകത്തിൽ വീണ്ടും പ്രതിഷേധം ഉയരും. ഇത് അവസാനിപ്പിക്കണം,” ബുദ്ഗാമിലെ ഷെയ്ഖ്പോരയിലെ ഒരു പ്രതിഷേധക്കാരൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Read More: നേതാക്കൾ ഉദയ്പൂരിൽ, കോൺഗ്രസ് ചിന്തൻ ശിബിരത്തിന് ഇന്ന് തുടക്കം