ന്യൂഡൽഹി: ജഹാംഗീർപുരിയിൽ കെട്ടിടങ്ങൾ പൊളിക്കുന്നതിനുള്ള സ്റ്റേ തുടരുമെന്ന് കോടതി വ്യക്തമാക്കി. ഹർജി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കും. കോടതി ഉത്തരവിനുശേഷവും ഇടിച്ചുനിരത്തൽ തുടർന്നത് ഗൗരവമായി കാണുന്നുവെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് എല്‍.എന്‍.റാവു, ബി.ആര്‍. ഗവായ് എന്നിവർ അടങ്ങിയ ബഞ്ച് വ്യക്തമാക്കി.
നോട്ടീസ് നൽകിയാണ് പൊളിക്കൽ നടപടികൾ ഉണ്ടായതെന്ന് സോളിസിറ്റർ ജനറൽ ഉൾപ്പടെയുള്ളവർ കോടതിയിൽ പറഞ്ഞു. എന്നാൽ നോട്ടീസ് നൽകിയില്ലെന്നാണ് ഹർജിക്കാർ പറഞ്ഞത്. ഇതേ തുടർന്ന് ജഹാംഗിൽപുരിയിൽ ഉള്ളവരോടും ഹർജിക്കാരോടും സത്യവാങ്മൂലം നൽകാൻ കോടതി ആവശ്യപ്പെട്ടു. നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും ഇതുസംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം എതിർ സത്യവാങ്മൂലം നൽകണമെന്നും കോടതി അറിയിച്ചു.
ഇന്നലെ രാവിലെയാണ് ഹനുമാൻ ജയന്തി ശോഭായാത്രയ്ക്കിടെ സംഘർഷമുണ്ടായ ജഹാംഗീർപുരിയിൽ ഇടിച്ചു നിരത്തൽ തുടങ്ങിയത്. ജഹാംഗീർപുരി അക്രമത്തിൽ അറസ്റ്റിലായവരുടെ “അനധികൃത കയ്യേറ്റം” കണ്ടെത്തി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ബിജെപി അധ്യക്ഷൻ ആദേശ് ഗുപ്ത കോർപറേഷൻ മേയർക്ക് കത്തെഴുതിയതിൽ പിന്നാലെയായിരുന്നു നടപടി.
അനധികൃത കയ്യേറ്റമെന്ന പേരിലാണ് നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ (എൻഡിഎംസി) 9 ബുൾഡോസറുകളുമായി വീടുകളും കടകളും ഇടിച്ചുനിരത്തിയത്. വിഷയം അടിയന്തരമായി പരിഗണിച്ച സുപ്രീം കോടതി നടപടികൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടും കോർപറേഷൻ ഇടിച്ചുനിരത്തൽ തുടരുകയായിരുന്നു. വീണ്ടും വിഷയത്തിൽ സുപ്രീം കോടതി ഇടപെട്ടതോടെയാണ് നടപടികൾ നിർത്തിവച്ചത്.
Read More: COVID-19 LIVE Updates: രാജ്യത്ത് 2,380 പുതിയ കോവിഡ് കേസുകൾ, 56 മരണം; സജീവ കേസുകൾ 13,000 കടന്നു