scorecardresearch
Latest News

വെറും 6 സെക്കൻഡിനുളളിൽ നിലംപരിശായി ജനോവയിലെ പാലം, വീഡിയോ

പാലം തകർക്കുന്നതിന് മുന്നോടിയായി 4,000 പ്രദേശവാസികളെ മാറ്റിപാർപ്പിച്ചു

bridge, italy, genoa bridge, ie malayalam

ജനോവ: ഇറ്റാലിയൻ നഗരമായ ജനോവയിലെ മൊറാണ്ടി പാലത്തിന്റെ ബാക്കിയുണ്ടായിരുന്ന രണ്ടു ടവറുകളും നിലംപരിശാക്കി. പുതിയ പാലം പണിയുന്നതിനുവേണ്ടിയാണ് പഴയത് തകർത്തതെന്ന് അധികൃതർ പറഞ്ഞു. 2018 ൽ പാലത്തിന്റെ ഒരു ഭാഗം തകർന്നുവീണുണ്ടായ അപകടത്തിൽ 43 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷമാണ് പഴയപാലം പൊളിച്ചുനീക്കി പുതിയത് പണിയുന്നതിനുളള നടപടികൾക്ക് വേഗമേറിയത്.

രാവിലെ 9.37 ഓടെയാണ് സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പാലം തകർത്തത്. വെറും 6 സെക്കൻഡുകളാണ് പാലം നിലംപരിശാകാൻ വേണ്ടിവന്നതെന്ന് അധികൃതർ വ്യക്തമാക്കി. പാലം തകർക്കുന്നതിന് മുന്നോടിയായി 4,000 പ്രദേശവാസികളെ മാറ്റിപാർപ്പിച്ചു. പൊടി പടരുന്നത് തടയാനായി ടവറുകളുടെ ചുറ്റിലുമായി വാട്ടർ ടാങ്കുകൾ സ്ഥാപിച്ചിരുന്നു. 400 സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു.

പ്രദേശവാസികളും ഉപപ്രധാനമന്ത്രിമാരായ മറ്റേയോ സാൽവിനിയും ലെയ്ഗി ഡി മെയ്നോ അടക്കമുളള ഉദ്യോഗസ്ഥരും പാലം തകർന്നുവീഴുന്നതിന് സാക്ഷിയായി.

പഴയ പാലം പൊളിച്ചുനീക്കിയതോടെ പുതിയ പാലം നിർമ്മിക്കുന്നതിനുളള സാമഗ്രികൾ ഉടൻ എത്തിച്ചു തുടങ്ങും. അടുത്ത വർഷത്തോടെ പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും. 2020 ഏപ്രിലോടെ പുതിയ പാലം യാത്രക്കാർക്കായി തുറന്നുകൊടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.

Stay updated with the latest news headlines and all the latest National news download Indian Express Malayalam App.

Web Title: Italy genoa bridge destroyed in six second controlled explosion