മുംബൈ/ന്യൂഡല്‍ഹി: ചെറിയ ഇടവേളയ്ക്കുശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. മഹാരാഷ്ട്രയില്‍ ഇന്നു മാത്രം 2,701 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഏകദേശം നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. മുംബൈയില്‍ മാത്രം 1,765 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ചൊവ്വാഴ്ച 1,881 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുന്‍ ദിവസത്തെ കേസുകളേക്കാള്‍ 81 ശതമാനമായിരുന്നു ഇന്നലത്തെ വര്‍ധന. ഇതില്‍ 1,242 കേസുകളും മുംബൈയിലായിരുന്നു. തലേദിവസത്തെ എണ്ണത്തിന്റെ ഇരട്ടിയാണിത്. ബി.എ.5 വകദേം ബാധിച്ച ഒരു കേസ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്ന് രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിനിടെ രാജ്യത്ത് 5,233 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 28,857 ആയി. കോവിഡ് ബാധിച്ച് ഏഴു മരണവും റിപ്പോര്‍ട്ട് ചെയ്തു. 3,345 പേര്‍ രോഗമുക്തി നേടി.
Also Read: മാസ്‌ക് ധരിക്കാത്തവരെ അച്ചടക്കമില്ലാത്തവരായി കണക്കാക്കും, യാത്ര അനുവദിക്കില്ല: ഡിജിസിഎ
മുംബൈയ്ക്കു പുറമെ ഡൽഹിയിലും കോവിഡ് കേസുകൾ കൂടുകയാണ്. ഡൽഹിയിൽ 450 പുതിയ കോവിഡ് കേസുകളാണ് ഏറ്റവും ഒടുവിൽ സ്ഥിരീകരിച്ചത്. കർണാടകയിൽ 376 കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതിൽ 358 ഉം ബെംഗളുരുവിലാണ്. സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 2,623 ആയി.
കേരളത്തിലും കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. ചൊവ്വാഴ്ച 2,272 പേര്‍ക്ക് രോഗം ബാധിച്ചു. എറണാകുളം (622), തിരുവനന്തപുരം (416) എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് കത്തയച്ചിരുന്നു. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദേശം. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, തെലുങ്കാന എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍.