ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതോടെ മോദിയെ പുകഴ്ത്തി ടൈം മാഗസിനില്‍ ആര്‍ട്ടിക്കിള്‍. മറ്റൊരു പ്രധാനമന്ത്രിക്കും സാധിക്കാത്ത വിധം ഇന്ത്യയെ ഒന്നിപ്പിച്ച പ്രധാനമന്ത്രിയെന്നാണ് മോദിയെ കുറിച്ച് ടൈം മാഗസിനിലെ പുതിയ ലേഖനം. ആഴ്ചകള്‍ക്ക് മുമ്പാണ് മോദിയെ ‘വിഭജന നായകന്’ എന്ന വിശേഷിപ്പിച്ചു കൊണ്ട് ടൈം മാഗസിനില്‍ ലേഖനം പ്രസിദ്ധീകരിച്ചത്. ടൈമിന്റെ കവറിലും ഇതേ വാക്കുകളോടെ മോദിയെ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ടൈം മാഗസിന് മലക്കം മറഞ്ഞിരിക്കുന്നത്.
‘ദശാബ്ദങ്ങളായി മറ്റൊരു പ്രധാനമന്ത്രിയ്ക്കും സാധിക്കാത്ത വിധം ഇന്ത്യയെ ഒന്നിപ്പിച്ച മോദി’ എന്ന തലക്കെട്ടോടെ മനോജ് ലാഡ്വയാണ് ലേഖനം എഴുതിയിരിക്കുന്നത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യ ഇന്‍കോര്‍പ്പറേറ്റ് ഗ്രൂപ്പ് എന്ന മാധ്യമ സ്ഥാപനത്തിന്റെ സ്ഥാപകനാണ് മനോജ്.
മെയ് 23 ന് രാജ്യത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ 543 അംഗ ലോക്സഭയില്‍ 303 സീറ്റുകളുടെ വന്‍ ഭൂരിപക്ഷത്തോടെയാണ് മോദി വീണ്ടും അധികാരത്തിലെത്തിയത്.”ഭരണകാലത്തും മാരത്തണ്‍ തിരഞ്ഞെടുപ്പ് കാലത്തും മോദിയുടെ പോളിസികള്‍ക്കെതിരെ ശക്തവും അന്യായവുമായ വിമര്‍ശനങ്ങളുയർന്നിരുന്നു. അപ്പോഴും മറ്റൊരു പ്രധാനമന്ത്രിക്കും കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ മോദിയെ പോലെ ഇന്ത്യയെ ഒന്നിപ്പിക്കാന്‍ സാധിച്ചിട്ടില്ല” എന്നാണ് ലേഖനത്തില്‍ പറയുന്നത്.
Read More: നരേന്ദ്ര മോദി ഇന്ത്യയുടെ വിഭജന നായകനെന്ന് ‘ടൈം’ മാഗസിന്’
ജനങ്ങളെ ഭിന്നിപ്പിക്കുന്ന നേതാവെന്ന് പറയപ്പെടുന്ന ഒരാള്‍ എങ്ങനെയാണ് അധികാരം നിലനിര്‍ത്തുന്നതെന്നും ജനപിന്തുണ വര്‍ധിപ്പിക്കുന്നതെന്നും ലേഖനം ചോദിക്കുന്നു. അതേസമയം, വര്‍ഗ വിഭജനം എന്ന ഇന്ത്യയുടെ വലിയ തെറ്റിനെ മറികടക്കാന്‍ സാധിച്ചതുകൊണ്ടാണ് മോദിക്ക് ഇത്ര വലിയ വിജയം നേടാനായതെന്നും ലേഖനത്തില്‍ പറയുന്നു.
മോദി പിന്നോക്ക വിഭാഗത്തില്‍ ജനിച്ച് ഉയരങ്ങളിലെത്തിയ നേതാവാണ്. അദ്ദേഹം പ്രതിനിധീകരിക്കുന്നത് അധ്വാന വര്ഗത്തേയാണെന്നും അതിനാലാണ് മോദിയെ ഐക്യത്തിന്റെ വക്താവായി ഉയര്‍ത്തിക്കാണിക്കുന്നതെന്നും ലേഖകന്‍ പറയുന്നു.
രാജ്യത്തിന്റെ ഭരണവ്യവസ്ഥയിലെ അഴിമതികളും പഴുതുകളും അടച്ച ആദ്യ ഭരണകാലഘട്ടത്തിന് ശേഷം ഇനി മോദിയുടെ ലക്ഷ്യം ആ വ്യവസ്ഥയെ വരും കാലത്തേക്കായി നവീകരിക്കുകയാണെന്നും ലേഖനം പറയുന്നു.
നേരത്തെ വന്ന ലേഖനത്തിന്റെ നേര് വിപരീതമാണ് ഈ ലേഖനം. ആതിഷ് തസീര്‍ എഴുതിയ ലേഖനത്തില്‍ മോദിയെ ഭിന്നിപ്പിന്റെ തലവനായാണ് വിശേഷിപ്പിച്ചിരുന്നത്. മോദി ഭരണത്തില്‍ പുരോഗമന വാദികളും ഇസ്ലാം-ക്രിസ്ത്യന്‍ വിശ്വാസികള്‍ അക്രമിക്കപ്പെടുകയാണെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു. രാജ്യത്ത് മതദേശീയ വാദം ഉയര്‍ന്നു വന്നെന്നും ആതിഷിന്റെ ലേഖനത്തില്‍ പറഞ്ഞിരുന്നു.