ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ ഒരാള്‍ കൂടി അറസ്റ്റില്‍. 18 കാരനായ സാദുദ്ദീന്‍ മാലിക്കാണ് പിടിയിലായത്. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. അഞ്ച് പ്രതികളില്‍ ഇനി രണ്ട് പേരാണ് പിടിയിലാകാനുള്ളത്. ഇവര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
മേയ് 28 ന് വൈകുന്നേരമായിരുന്നു സംഭവം നടന്നത്. 17 കാരിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. സുഹൃത്തിനൊപ്പം പബ്ബിൽ ബെർത്ത്ഡേ പാർട്ടിക്ക് എത്തിയതായിരുന്നു പെൺകുട്ടി. അവിടെവച്ച് പ്രായപൂർത്തിയാകാത്ത ഒരു കൂട്ടം പേർ പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞു കാറിൽ കയറ്റി. ആദ്യം അവർ ഒരു ബേക്കറിയിലേക്കാണ് പോയത്, അവിടെനിന്നും കുറച്ച് സ്നാക്സ് വാങ്ങി. അതിനുശേഷം, പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കാറിനുള്ളിൽവച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയെ പബ്ബിൽ തിരികെ എത്തിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നുവെന്നാണ് അധികൃതർ പറഞ്ഞത്.
പ്രതികൾ സഞ്ചരിച്ച മേഴ്സിഡസ് ബെൻസ് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഡ്രൈവറെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, തങ്ങളുടെ സമ്മതത്തോടെയാണ് പെൺകുട്ടി പാർട്ടിക്ക് പോയതെന്ന് അച്ഛൻ പറഞ്ഞു. പീഡന വിവരം പെൺകുട്ടി ആദ്യം മാതാപിതാക്കളോട് പറഞ്ഞില്ല. കയ്യിലെ മുറിവുകൾ വീഴ്ചയിൽ സംഭവിച്ചതെന്നാണ് പറഞ്ഞത്. എന്നാൽ ശരീര ഭാഗങ്ങളിലെ മറ്റു മുറിവുകൾ ശ്രദ്ധയിൽപ്പെട്ടതോടെ വീട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ വിവരം പുറത്തുവന്നത്.
പ്രതികളിൽ രണ്ടു പേർ രാഷ്ട്രീയ നേതാക്കളുടെ മക്കളെന്നാണ് ബിജെപി വക്താവ് കെ.കൃഷ്ണ സാഗർ റാവുവിന്റെ ആരോപണം. ഇവരെ രാഷ്ട്രീയ സ്വാധീനത്തോടെ വീട്ടുകാർ ഒളിവിൽ താമസിപ്പിച്ചിരിക്കുകയെന്നാണ് ബിജെപി ആരോപിക്കുന്നത്. അതേസമയം, പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് എസ്എച്ച്ഒ എസ്.രാജശേഖർ റെഡ്ഡി നേരത്തെ പറഞ്ഞത്. പ്രതികൾക്കായി തിരച്ചിലാണ്. ബിജെപിയുടെ ആരോപണത്തിൽ മറുപടി പറയാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Read More: തൃക്കാക്കരയിലെ സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചയില്ല: പി.രാജീവ്