ന്യൂഡൽഹി: തകർന്നുവീണ എഎൻ-32 വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് വ്യോമസേന. ഇന്നു രാവിലെയാണ് എട്ടുപേരടങ്ങിയ രക്ഷാസംഘം വിമാനം തകർന്നുവീണ സ്ഥലത്തെത്തിയതെന്നും അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്നും വ്യോമസേന ട്വീറ്റ് ചെയ്തു. അരുണാചൽപ്രദേശിൽനിന്നും തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്ത് രണ്ടു ദിവസങ്ങൾ പിന്നിടുമ്പോഴാണ് വ്യോമസേനയുടെ വിശദീകരണം. കൊല്ലം സ്വദേശി അനൂപ് കുമാര്‍, തൃശൂര്‍ സ്വദേശി വിനോദ്, കണ്ണൂര്‍ സ്വദേശി എന്‍.കെ.ഷെരിന്‍ എന്നിവര്‍ അടക്കം 13 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
#Update on #An32 crash: Eight members of the rescue team have reached the crash site today morning. IAF is sad to inform that there are no survivors from the crash of An32.
— Indian Air Force (@IAF_MCC) June 13, 2019
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍നിന്നാണ് കാണാതായ വ്യോമസേന വിമാനം എഎന്‍ 32ന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. അരുണാചല്‍പ്രദേശിലെ ലിപോയ്ക്ക് 16 കിലോമീറ്റര്‍ അകലെയാണ് വിമാനഭാഗങ്ങള്‍ കണ്ടെത്തിയത്. വിമാനം അപകടത്തിൽപെട്ടതിനു പിന്നാലെ വലിയ തോതിലുളള തീപിടിത്തവും ഉണ്ടായതായാണ് സൂചന.
Read Also: ‘ഭർത്താവ് സഞ്ചരിച്ചിരുന്ന വിമാനം കാണാതായത് അറിയാതെ പൈലറ്റിന്റെ ഭാര്യ ഡ്യൂട്ടി തുടർന്നു’
ജൂണ്‍ 3 ന് ഉച്ചയ്ക്ക് 12.30 ഓടെ അസമില്‍ നിന്ന് അരുണാചല്‍പ്രദേശിലേക്കുള്ള യാത്രാമധ്യേയാണ് വിമാനം കാണാതായത്. 1 മണിയോടെ വിമാനവുമായുളള ബന്ധം വിച്ഛേദിക്കപ്പെട്ടു. വിമാനം കാണാതായി എട്ടാം ദിവസത്തിനൊടുവിലാണ് വിമാനഭാഗങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചത്. എംഐ 17 ഹെലികോപ്ടറുകള്‍ ഉപയോഗിച്ചു നടത്തിയ തിരിച്ചിലൊനൊടുവില്‍ അരുണാചല്‍പ്രദേശിലെ ലിപോയ്ക്ക് 16 കിലോ മീറ്റര്‍ അകലെ വച്ച് വിമാനഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.
തിരച്ചിലില്‍ വിവിധ സേനാവിഭാഗങ്ങളും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും പങ്കെടുത്തിരുന്നു. അപകടം നടന്ന സ്ഥലം നിബിഡ വനമായതും അരുണാചല്‍പ്രദേശിലെ മോശം കാലാവസ്ഥയും പലപ്പോഴും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു.